‘ജനങ്ങളെ രക്ഷിക്കേണ്ട സർക്കാർ എവിടെ? പോലീസ് പ്രമുഖയെ രക്ഷിക്കാൻ പോയി; സാധാരണക്കാരെ രക്ഷിക്കാൻ പോയ തനിക്ക് മോശം അനുഭവം’; തുറന്നടിച്ച് അദിതി ബാലൻ

95

അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റും പേമാരിയും തളർത്തിയിരിക്കുകയാണ് തമിവ്‌നാടിനെ. കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും വലിയ പേമാരിയാണ് ചെന്നൈ നഗരത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പറയുന്നു. ഇതിനിടെ സർക്കാരിന്‌റെ രക്ഷാപ്രവർത്തനങ്ങളിൽ അസംതൃപ്തരാണ് സാധാരണക്കാരായ ജനങ്ങൾ.

സർക്കാരിനെ വിമർശിച്ച് നടി അദിതി ബാലനും രംഗത്തെത്തിയിരിക്കുകയാണ്. ഇതുപോലൊരു അവസ്ഥയിൽ ജനങ്ങളെ രക്ഷിക്കേണ്ട സർക്കാർ എവിടെ പോയെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദിതി ചോദ്യം ചെയ്തു. തിരുവാൺമിയൂരിലെ രാധാകൃഷ്ണനഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാരിനെതിരെ അദിതി ബാലൻ രംഗത്തെത്തിയിരിക്കുന്നത്.

Advertisements

ഇവിടേക്ക് സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളംകൂടി കുതിച്ചെത്തിയെന്നും മൃഗങ്ങളുടെ ജഡങ്ങൾ ഒഴുകി നടക്കുന്നത് കണ്ടുവെന്നുമാണ് താരം പറയുന്നത്. താൻ രണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താൻ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടി വന്നെന്നാണ് അദിതി പറയുന്നത്.

അതേസമയം, പോലീസുകാരാകട്ടെ ഒരു ബോട്ടുമായി കോട്ടൂർപുരത്തെ റിവർ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താൻ പോകുന്നത് കണ്ടെന്നും അദിതി പറയുന്നു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നു വരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനിൽക്കവേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാൻ എന്റെ കാർ മാറ്റിനിർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു- എന്നും അദിതി ബാലൻ കുറ്റപ്പെടുത്തി.

ALSO READ- ആദ്യവിവാഹം പതിനാറാം വയസിൽ; മികച്ചനടിയായത് നാല് തവണ; പ്രണയത്തകർച്ചയ്ക്ക് പിന്നാലെ മുകേഷുമായുള്ള വിവാഹബന്ധം; നടി സരിതയുടെ ജീവിതമിങ്ങനെ

ചെന്നൈ കോർപ്പറേഷൻ, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് അദിതി കുറിപ്പ് പോസ്റ്റ് ചെയ്തത്. കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും ചെന്നൈ നഗരവാസികളുടെ ദുരിതം നീങ്ങിയിട്ടില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിന്റെ പിടിയിലാണ്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

അതേസമയം, പ്രളയത്തിൽ കുടുങ്ങിയ ആമിർ ഖാൻ, വിഷ്ണു വിശാൽ, കനിഹ എന്നിവരെ കഴിഞ്ഞ ദിവസം റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു. വിഷ്ണു വിശാലിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിർ ചെന്നൈയിൽ എത്തിയിരുന്നത്.

Advertisement