പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ആദിപുരുഷ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
ശ്രീരാമനായി പ്രഭാസ് തന്നെയാണ് വെള്ളിത്തിരയിലെത്തുന്നത്. സീതയായി ക്രിതി സനോനും എത്തുന്നു. ഈ എപിക് മിത്തോളജിക്കൽ ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസിന്റെ ബാഹുബലി കണ്ട് ത്രില്ലടിച്ചവരെല്ലാം ഈ സിനിമയ്ക്കും സമാനമായ ത്രില്ലോടെയാണ് കാത്തിരിക്കുന്നത്.
അതേസമയം, ഇതുവരെ ചെലവിട്ട 500 കോടി രൂപയുടെ ഏകദേശം 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനിടെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അറിയിപ്പുമായി എത്തിയിരുന്നു അണിയറ പ്രവർത്തകർ.
ആദിപുരുഷ് ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഹനുമാൻ ചിത്രം കാണാൻ വരും എന്ന വിശ്വാസത്തിന്റെ പേരിലാണ് സീറ്റ് ഒഴിച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്. ജൂൺ 16ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം. ചിത്രത്തിന്റെ വിജയത്തിനായി അടുത്തിടെ തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ അണിയറ പ്രവർത്തകരെത്തി പ്രാർത്ഥനയും വഴിപാടുകളും നടത്തിയിരുന്നു.
ക്ഷേത്രത്തിലേക്ക് ചിത്രത്തിൽ സീതയായി വേഷമിടുന്ന ബോളിവുഡ് താരം കൃതി സനോണും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെയുള്ളവരാണ് ദർശനത്തിന് എത്തിയത്. ഈ സന്ദർശന വേളയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ഒരു കൂട്ടർ വിവാദമാക്കിയിരിക്കുന്നത്.
Director Om Raut kissing Kriti Sanon (who Played Sita ji ) Out side Tirupati mandir created controversy
😂🙏#WTCFinal2023 #Adipurush #AdipurushTrailer2 #KritiSanon #OmRaut #Prabhas #BhushanKumar #FarmersProtest #WTC2023 #Ashwin #RohitSharma #Disgraceful #luchnowcourt #Kolhapur pic.twitter.com/t6afK04hLr— प्रतिभा बतरा (@Deshpremiindia) June 8, 2023
തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകൻ ഓം റൗട്ട് കൃതി സനോണിനെ ചുംബിച്ചതാണ് വിവാദങ്ങൾക്ക് കാരണം. പുറത്തെത്തിയ ദൃശ്യങ്ങളാണ് ‘ചിലരെ’ ചൊടിപ്പിച്ചത്. ചടങ്ങിന് ശേഷം കാറിൽ കയറി യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തത്. സാധാരണ രീതിയിലുള്ള ഒരു യാത്ര പറച്ചിലിനെ വിവാദമാക്കുകയാണ് പലരും.
സോഷ്യൽമീഡിയയിൽ നിരവധിപേരാണ് സംവിധായകന്റെ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. സംവിധായകന്റെ പ്രവർത്തി അപലപനീയമാണെന്നാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടക്കമുള്ളവരുടെ പ്രതികരണം.
ഭാര്യയും ഭർത്താവും പോലും ഒരുമിച്ച് ക്ഷേത്രത്തിൽ പോകാറില്ലെന്നും സംവിധായകനും നടിക്കും ‘ഹോട്ടൽ മുറിയിൽ പോയി അത് ചെയ്യാമെന്നും’ പൂജാരി പറഞ്ഞതായി ഒക്കെയാണ് ചില റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പൂജാരിയുടെ ഈ അതിരുകടന്ന പരാമർശനത്തിനെതിരെയും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
ഇതിനിടെ, ആന്ധ്രാപ്രദേശ് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നഗോത്തുവും ഓം റൗട്ടിനെതിരെ രംഗത്തുവന്നു. ‘നിങ്ങളുടെ ഇത്തരം ചേഷ്ടകൾ ഒരു പുണ്യസ്ഥലത്തേക്ക് കൊണ്ടുവരേണ്ടതുണ്ടോ?. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നിൽ ചുംബിക്കുക, കെട്ടിപ്പിടിക്കുക എന്നിങ്ങനെയുള്ള സ്നേഹ പ്രകടനങ്ങളിൽ ഏർപ്പെടുന്നത് അനാദരവും അസ്വീകാര്യവുമാണ്’ -എന്നാണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.