അഡാര്‍ ലവ് അത്ര അഡാറല്ല: റിവ്യു വായിക്കാം

36

പ്രിയ വാര്യരുടെ പുരികക്കൊടിക്കു മുകളില്‍ ഊയലാടിത്തുടങ്ങിയ അഡാര്‍ ലവ് ഒടുവില്‍ ഇതള്‍ വിരിഞ്ഞു. ഒരു അഡാര്‍ ലവ് എന്ന പേരിനൊപ്പം നല്‍കിയ ‘എന്‍ ഒമര്‍ ലവ്” എന്ന വാചകം അന്വര്‍ത്ഥമാക്കുന്നുണ്ട് ഈ ടിപ്പിക്കല്‍ ഒമര്‍ ലുലു ചിത്രം.

Advertisements

കേട്ടു പഴകിയൊരു പ്രണയ കഥ പുതിയ കാലത്തിനൊപ്പം കുറച്ചധികം ഫ്രീക്കായി അവതരിപ്പിക്കാനുള്ള ശ്രമം, അഡാര്‍ ആയിരുന്നെങ്കിലും ഫലം അത്ര അഡാറല്ല. എന്നാല്‍ പ്രിയ പ്രകാശ് വാര്യര്‍ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് റോഷന്‍ അബ്ദുള്‍ റൗഫിനെയും നൂറിന്‍ ഷെരീഫിനെയും കണ്ട് കൈയടിക്കാം

ഇതൊരു ഒമര്‍ ലവ്

ഒരു ഹയര്‍ സെക്കന്ററി പ്രണയകാവ്യമാണ് അഡാര്‍ ലവ് പറയാനൊരുങ്ങുന്നത്. ഡോണ്‍ ബോസ്കോ സ്കൂളിലെ പ്ലസ് വണ്ണിലേക്കെത്തുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സൗഹൃദവും പ്രണയവും തമാശകളും പതിവ് ഒമര്‍ ലുലു നുറുങ്ങുകളും സമം ചേരുന്നതാണ് അഡാര്‍ ലവ്.

ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികളാണ് പ്രിയ വാര്യര്‍, റോഷന്‍, ഗാഥ (നൂറിന്‍ ഷെരീഫ്), പവനന്‍, അരുണ്‍ തുടങ്ങിയവര്‍. മാണിക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെ പുരികക്കൊടികള്‍ കൊണ്ട് കഥ പറഞ്ഞ് പ്രിയയും റോഷനും പ്രണയത്തിലാകുന്നു, സുഹൃത്തുക്കള്‍ ഈ പ്രണയത്തിന് കുടപിടിക്കുന്നു.

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കടന്നു വരുന്ന ചില പ്രശ്നങ്ങളിലൂടെ പ്രിയ- റോഷന്‍ പ്രണയത്തിന് ചെറിയ ചാഞ്ചാട്ടം സംഭവിക്കുന്നു. വളരെ സ്വാഭാവികമെന്നോണം ഇവര്‍ക്കിടയിലേക്ക് മറ്റൊരാള്‍ കടന്നുവരുന്നതും ഒടുക്കം സ്കൂള്‍ ടൂറിനും വാര്‍ഷികാഘോഷങ്ങള്‍ക്കുമെല്ലാം ഒടുവില്‍ ദുരന്തപര്യവസായിയാകുന്നുണ്ട് അഡാര്‍ ലവ്. അഡാര്‍ എന്നൊന്നും പറയാനില്ലെങ്കിലും ഒമര്‍ ലുലുവില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു ലവ് കണ്ട് മടങ്ങാമെന്നുറപ്പാണ്.

കോളേജ് തോല്‍ക്കുന്ന സ്കൂള്‍

കഥയില്‍ ചോദ്യമില്ലെങ്കില്‍ കൂടി കേരളത്തിന്റെ നിലവിലെ സ്കൂള്‍ സാഹചര്യങ്ങളുമായി യാതൊരു പൊരുത്തവും ഈ സ്കൂളിനില്ല. കോളേജുകളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും മണ്ട ശിരോമണികളായ അദ്ധ്യാപകരും എല്ലാം കൂടെ ചേരുന്നൊരു മേളമാണ് ഒമര്‍ ലുലുവിന്റെ സ്കൂളിന്. മിക്ക സമയവും വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സദാ അവര്‍ ചിന്തിക്കുന്നത് പ്രണയത്തെ കുറിച്ചുമാത്രം.

പാഠപുസ്തകങ്ങളോ പഠനഭാരമോ ഇല്ലാതെ ഇവരെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിസീമമായ ആകാശത്തേക്ക് പറത്തി വിടാനാണ് ഒമര്‍ ലുലു ശ്രമിക്കുന്നത്. പാട്ടും മേളവും നിറങ്ങളും സംവിധായകന് വിയോജിപ്പുള്ളവര്‍ക്കുള്ള ട്രോളും ഒക്കെയായി ഒരു ഒമര്‍ ലുലു ഓളം സമ്മാനിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.

പ്രിയ വാര്യരല്ല, ഇനി റോഷന്‍ റൗഫ്

ചിത്രം പുറത്തിറങ്ങുന്നതിനും എത്രയോ മുമ്ബ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ വാര്യര്‍ക്കായുള്ള കാത്തിരിപ്പില്‍ വല്യ കാര്യമില്ലെങ്കിലും റോഷനായി സ്ക്രീനിലെത്തുന്ന റോഷന്‍ അബ്ദുള്‍ റൗഫ് സാമാന്യം നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചു. നൂറിന്‍ ഷെരീഫും മികച്ചു നിന്നു. കണ്ടുമടുത്ത പുരികക്കൊടി സീനുകളും ‘കിസ് ഷൂട്ടിംഗു”മെല്ലാം കൈയടിക്കു മേലെ തിയേറ്ററില്‍ ചിരി പടര്‍ത്തി.

Advertisement