കൊച്ചി: തനിക്കെതിരായ സാമുഹ്യമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്കെതിരെ നടി ഊര്‍മിള ഉണ്ണി. സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കടന്നാക്രമിക്കുകയാണെന്ന് ഊര്‍മിള ഉണ്ണി ആരോപിച്ചു. സത്യാവസ്ഥ അറിയാതെയാണ് പലരും വിമര്‍ശിക്കുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടെന്നും അവര്‍ ആരോപിച്ചു.
ജൂണ്‍ 24ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് താന്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. സ്വന്തം ഭാവനയില്‍ തോന്നുന്ന കാര്യങ്ങളാണ് പലരും പറഞ്ഞുണ്ടാക്കുന്നതെന്നും ഊര്‍മ്മിള ഉണ്ണി ആരോപിച്ചു.
ഊര്‍മിള ഉണ്ണിക്കെതിരായ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം ഇന്നും തുടരുകയാണ്. നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും ദിലീപിനെ തിരിച്ചെടുത്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് പരിഹാസ്യമായ മറുപടികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഊര്‍മിള ഉണ്ണിക്കെതിരായ സോഷ്യല്‍ മീഡിയ പ്രതിഷേധം. മകളുടെ പ്രായമുള്ള പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഒന്നും പറയാനില്ലേ എന്ന ചോദ്യത്തിന് എന്താല്ലോ പാവം കുട്ടി എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് ഊര്‍മിള ഉണ്ണി നല്‍കിയത്.
നടിക്കൊപ്പമാണോ അതോ കുറ്റാരോപിതനായ നടനൊപ്പമാണോ എന്ന ചോദ്യത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ ഓണമല്ലേ വരുന്നത് അതേക്കുറിച്ച് ചോദിച്ചു കൂടെ എന്നും ഊര്‍മിള ഉണ്ണി ചോദിച്ചു. എന്തുകൊണ്ടാണ് ഇത്ര ലാഘവത്തോടെ സംസാരിക്കുന്നത് എന്ന ചോദ്യത്തിന് അത് പ്രായമാകുമ്പോള്‍ മനസിലാകുമെന്നായിരുന്നു ഊര്‍മിള ഉണ്ണിയുടെ മറുപടി.