മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി അനില്‍. കോമഡി വേദികളിലും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ സജീവമാണ് രശ്മി. സാധാരണ സംസാരത്തില്‍ പോലും നര്‍മ്മം കൊണ്ടുവരാന്‍ കഴിവുള്ള രശ്മി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
ഇപ്പോഴിതാ തന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഇടിക്കിടെ തനിക്ക് തലകറങ്ങി വീഴുന്ന സ്വഭാവമുണ്ടെന്ന് താരം പറയുന്നു. കോമഡികള്‍ കേള്‍ക്കുമ്പോള്‍ ചിരിച്ച് വീഴാറുണ്ടെന്നായിരുന്നു താരം ഉദ്ദേശിച്ചത്. പല പരിപാടിക്കിടെയിലും ഇത്തരത്തില്‍ താന്‍ ബോധം കെട്ട് വീണിട്ടുണ്ടെന്ന് രശ്മി പറയുന്നു.
തമാശകള്‍ കേള്‍ക്കുമ്പോഴൊക്കെ താന്‍ വളരെ നിശബ്ദമായാണ് ചിരിക്കാറുള്ളത്. താന്‍ പരിപാടിക്കിടെ തലകറങ്ങി വീണപ്പോള്‍ പലരും താന്‍ തട്ടിപ്പോയെന്ന് വരെ വിചാരിച്ചുവെന്നും രശ്മി പറയുന്നു. അത്തരത്തിലുണ്ടായ ഒരു അനുഭവവും താരം പങ്കുവെച്ചു.
ബിനു അടിമാലിക്കൊപ്പം ഒരു സ്‌കിറ്റില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം. പ്രായമായ ഒരു അമ്മൂമ്മയുടെ വേഷത്തിലായിരുന്നു താന്‍ എത്തിയിരുന്നത്. സ്‌റ്റേജില്‍ വരുമ്പോള്‍ വിറയലോടെയൊക്കെയായിരുന്നു വന്നത്. അതുകണ്ട് ബിനുച്ചേട്ടന്‍ തന്നോട് ചോദിച്ചത് ഇതെന്താ ഗിയര്‍ ഇട്ടോണ്ട് വരുന്ന അമ്മൂമ്മയാണോ എന്നായിരുന്നുവെന്നും രശ്മി പറയുന്നു.
ഇതുകേട്ടപ്പോള്‍ താന് ചിരിച്ച് ചിരിച്ച് മുന്നോട്ട് വീണുവെന്നും താന്‍ കുഴഞ്ഞുവീണതാണെന്ന് കരുതി ഷൂട്ടൊക്കെ നിര്‍ത്തിവെച്ചുവെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനൊക്കെ നോക്കിയെന്നും താരം പറയുന്നു. എന്നാല്‍ മുഖത്ത് വെള്ളമൊഴിക്കുകയും വെള്ളം കുടിക്കുകയുമൊക്കെ ചെയ്തപ്പോള്‍ താന്‍ ഓകെയായി എന്നും അപ്പോഴാണ് ഒരാള്‍ പറഞ്ഞത് അപ്പോള്‍ മരിച്ചിരുന്നുവെങ്കില്‍ ഇരുപത്തിയഞ്ച് ലക്ഷം കിട്ടിയേനെ എന്നും ബോധം വന്നില്ലെങ്കില്‍ തന്റെ കുടുംബം രക്ഷപ്പെട്ടേനെ എന്നും താരം പറയുന്നു.