വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടും സിനിമയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി നടീനടന്മാരുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു രമ്യശ്രീ. എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും സിനിമകളില്‍ ചെറിയ വേഷമായിരുന്നുവെങ്കിലും നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്.
മികച്ച സംവിധായകരുടെ സിനിമകളിലെല്ലാം രമ്യശ്രീ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത് 1985ല്‍ പുറത്തിറങ്ങിയ ശാന്തം ഭീകരം എന്ന സിനിമയിലൂടെയായിരുന്നു രമ്യശ്രീ അഭിനയലോകത്തെത്തിയത്. സീമ, രതീഷ്, ശങ്കര്‍, സബിത ആനന്ദ്, സലീമ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.
ഇതിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ എന്ന സിനിമയില്‍ നടി അഭിനയിച്ചു. ചിത്രത്തില്‍ സരസ്വതി എന്ന കഥാപാത്രമായിരുന്നു താരം ചെയ്തത്. പിന്നീട് ‘പിടികിട്ടാപ്പുള്ളി’, ‘ഒരിടത്ത്’, ‘ഒന്ന് രണ്ട് മൂന്ന്’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നടി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു.
നടന്‍ മോഹന്‍ലാല്‍ നായകനായ ‘മുഖം’ എന്ന സിനിമയിലെ രമ്യശ്രീയുടെ കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. ചിത്രത്തില്‍ ‘മിസിസ് മേനോന്‍’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. രമ്യശ്രീ ഭാഗമായ ‘അയലത്തെ അദ്ദേഹം’ എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ആധാരം സിനിമയിലും രമ്യശ്രീ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഇത് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഷാജി കൈലാസിന്റെ മാഫിയ എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. പിന്നീട് നടി ഏകലവ്യന്, ഭാര്യ, പുന്നാരം, മാണിക്യചെമ്പഴുക്ക തുടങ്ങിയ സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
സിനിമയില്‍ മാത്രമല്ല രമ്യശ്രീ ടെലിവിഷന്‍ സീരിയലിലും സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ചന്ദ്രമോഹനെയാണ് നടി വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതോടെ ഈ ബന്ധം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു.