മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.
പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു.
കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു.
സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.
വികെ പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയില്‍ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ. ഇപ്പോഴിതാ സിനിമാ സെറ്റിലെ അനുഭവങ്ങളും ഡബ്ബിങ് അനുഭവങ്ങളും പങ്കുവെക്കുകയാണ് നവ്യ.
അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ അനുഭവങ്ങള്‍ നവ്യ പ്രേക്ഷകരുമായി പങ്കുവെച്ചത്. ആദ്യ സിനിമയായ ഇഷ്ടത്തിലും താന്‍ തന്നെയാണ് ഡബ് ചെയ്തതെന്നും അപ്രതീക്ഷിതമായി ചെയ്തതാണെന്നും നവ്യ പറയുന്നു.
”സിബി അങ്കിളൊക്കെ ഡബിങ് കാണാനായി തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയലേക്ക് എന്നെ വിളിച്ചു. അവിടെ ചെന്ന് കുറച്ച് നേരം ഡബിങ് കാണാന്‍ അവസരം തന്നു. ശേഷമാണ് എന്നോട് അവര്‍ പറഞ്ഞത് നല്ല ശബ്ദമാണ് ഡബിങ് ശ്രമിച്ച് നോക്കൂവെന്ന്. അങ്ങനെയാണ് ആദ്യ സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്തത്.” എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യത്തെ പേര് ധന്യ എന്നായിരുന്നുവെന്നും എന്നാല്‍ സെറ്റില്‍ ആരേലും ധന്യയെന്ന് വിളിച്ചാല്‍ ഞാന്‍ തിരിഞ്ഞ് നോക്കില്ലായിരുന്നുവെന്നും നവ്യ പറയുന്നു. ‘ഒരുത്തിക്കും ഞാന്‍ തന്നെയാണ് ഡബ് ചെയ്തത്. ഡബ് ചെയ്യുമ്പോള്‍ നമ്മുടെ മുഖത്ത് ഭാവങ്ങളൊക്കെ വരുമല്ലോ അത് മറ്റുള്ളവര്‍ കാണുന്നത് എനിക്ക് ചമ്മലാണ്, അതുകൊണ്ട് പലപ്പോഴും ഞാന്‍ സ്റ്റുഡിയോയ്ക്കുള്ളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടാണ് ഡബ് ചെയ്തിരുന്നത’ എന്നും നവ്യ പറയുന്നു.