ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.
1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.
ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.
മീനയുടെ കരിയറിലെ മൈല്‍ സ്‌റ്റോണായി മാറിയ ചിത്രമായിരുന്നു ദൃശ്യം. ഇതിലേക്ക് വിളിച്ചപ്പോള്‍ ആദ്യം നോ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് മീന ഇപ്പോള്‍. തന്നെ 2013ലായിരുന്നു ദൃശ്യത്തിലേക്ക് വിളിക്കുന്നതെന്നും ആന്റണി പെരുമ്പാവൂരായിരുന്നു വിളിച്ചതെന്നും മീന പറയുന്നു.
ജീത്തുജോസഫാണ് സംവിധായകന്‍ എന്നും ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യാവേഷമാണെന്നും പറഞ്ഞു. എന്നാല്‍ താന്‍ സിനിമ ചെയ്യുന്നില്ലെന്നായിരുന്നു പറഞ്ഞതെന്നും ഇത്രയും നല്ല പ്രൊജക്ട് ആയിരിക്കുമെന്ന് കരുതിയില്ലെന്നും മീന പറയുന്നു.
ദൃശ്യത്തില്‍ അഭിനയിക്കണമെങ്കില്‍ കേരളത്തിലേക്ക് വരണമായിരുന്നു, മകള്‍ക്ക് രണ്ട് വയസ്സായിരുന്നു അപ്പോള്‍ പ്രായമെന്നും ടിവി ഷോകള്‍ മാത്രമേ താന്‍ അപ്പോള്‍ ചെയ്തിരുന്നതെന്നും മകളെ വിട്ടുനില്‍ക്കാന്‍ അപ്പോള്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും താരം പറയുന്നു.
എന്നാല്‍ തന്നെയല്ലാതെ വേറെ ആളെ ആ സിനിമയില്‍ ചിന്തിക്കാനാവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്ത് സൗകര്യം വേണമെങ്കിലും ചെയ്യാമെന്ന് വരെ പറഞ്ഞു. അങ്ങനെ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചുവെന്നും താന്‍ കേരളത്തിലേക്ക് വന്നത് അമ്മയെയും കുഞ്ഞിനെയും കൊണ്ടായിരുന്നുവെന്നും മീന പറയുന്നു.