മരിയ പ്രിൻസ് എന്ന പേര് പരിചിതമല്ലെങ്കിലും അനു എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിൽ ആദ്യം ഓടിയെത്തുന്ന നടിയാണ് മരിയ പ്രിൻസ്. അമ്മ മകൾ എന്ന പരമ്പരയിലെ അനു എന്ന കേന്ദ്രകഥാപാത്രത്തെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ച നടിയാണ് മരിയ പ്രിൻസ്. കുറഞ്ഞ സമയം കൊണ്ടാണ് മരിയ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
പരമ്പരയിൽ അമ്മയും മകളും ഒരേ സമയത്ത് ഗർഭിണിയാവുന്നതും കുഞ്ഞിന് ജന്മം കൊടുക്കുന്നതുമാണ് പരമ്പരയുടെ പ്രധാന പ്രമേയം. ജനപ്രിയ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അമ്മയും മകളും. ചെറു പ്രായത്തിൽ വിവാഹം കഴിയുന്ന പെൺകുട്ടിയായിട്ടാണ് മരിയ പരമ്പരയിൽ അഭിനയിക്കുന്നത്. ഈ പ്രമേയം തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മരിയ.
ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷത്തോളമായെന്നാണ് മരിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി സ്വദേശിനി ആണ് മരിയ പ്രിൻസ്. തന്റെ കല്യാണം കഴിഞ്ഞിട്ട് എട്ട് വർഷമായി. എന്നാൽ താൻ വിവാഹിതയാണെന്ന് പറയുമ്പോൾ പല ആളുകൾക്കും അതൊരു ഞെട്ടലാണ്.
പക്ഷേ അത് സത്യമായ കാര്യമാണെന്നും മരിയ ആരാധകരോടായി പറയുന്നു. തിയറ്റർ ആർട്ടിസ്റ്റായിട്ടാണ് മരിയ കരിയർ ആരംഭിക്കുന്നത്. താനും ഭർത്താവ് പ്രിൻസും ഒരു ജനപ്രിയ നാടക ടീമിനൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ആ അവസരം ഞങ്ങൾ ശരിക്കും മുതലെടുത്തു എന്ന് പറയാമെന്നും, സ്റ്റേറ്റ് അവാർഡ് വാങ്ങിയ വെയിൽ എന്ന നാടകത്തിന്റെ ഭാഗങ്ങാമായിട്ടാണ് ഞങ്ങൾ പ്രവർത്തിച്ചതെന്നും മരിയ കൂട്ടിച്ചേർത്തു. അവിടെ നിന്നാണ് പ്രണയത്തിലായതെന്നും മരിയ വെളിപ്പെടുത്തി.
പ്രണയത്തിനൊടുവിൽ പതിനെട്ട് വയസുള്ളപ്പോൾ തന്നെ ഞങ്ങൾ വിവാഹം കഴിച്ചു. അതിനാൽ തന്റെ ബിരുദപഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും മരിയ പറഞ്ഞു. അന്ന് മുതൽ നാടകമായിരുന്നു തന്റെ സ്‌കൂൾ. അവിടെ നിന്ന് ജീവിതത്തെ കുറിച്ചും കലയെയും കുറിച്ചും പഠിച്ചുവെന്ന് മരിയ പറയുന്നു. ‘നാടകം അല്ലാതെ ലിപ് സിങ്ക് ചെയ്തുള്ള വീഡിയോകാലും താൻ ചെയ്തിരുന്നു. അതാണ് ഇൻഡസ്ട്രിയിലുള്ളവരുടെ ശ്രദ്ധ നേടാൻ കാരണമായത്.
അത് വഴി ഷോർട്ട് ഫിലിമുകളിൽ ചെറിയ റോളുകൾ അഭിനയിച്ച് തുടങ്ങി. പരമ്പരകളിൽ നിന്നും എനിക്ക് വേഷങ്ങൾ വന്നെങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോന്ന് വിചാരിച്ചു അതൊക്കെ ചെയ്യാൻ മടിച്ചുവെന്നും മരിയ പറയുന്നു. ഒരു ടെലിവിഷൻ താരത്തിന് സിനിമയിൽ സജീവമാകാൻ ബുദ്ധിമുട്ടാണ്. കാരണം മിനിസ്‌ക്രീനിലൂടെ പരിചിതരായ ആളുകളെക്കാളും പുതുമുഖങ്ങളെയാണ് സിനിമാ നിർമാതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് മരിയ കൂട്ടിച്ചേർത്തു.