‘ മഞ്ഞില്‍ വിരിഞ്ഞ പൂവ്’ മലയാളത്തിലെ ജനപ്രിയ പരമ്പരകളില്‍ ഒന്നാണ്. മലയാള ടെലിവിഷന്‍ സീരിയല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അധിക കാലം ഓടിയതും, ഇപ്പോഴും ഓടിക്കൊണ്ടിരിയ്ക്കുന്നതുമായ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. സീരിയലിലെ കഥയും കഥാപാത്രങ്ങളുമാണ് പരമ്പര ഏറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം.
നിരവധി താരങ്ങളാണ് പരമ്പയില്‍ അണിനിരക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ കേന്ദ്ര കഥാപാത്രമായ അഞ്ജനയെ അവതരിപ്പിയ്ക്കുന്നത് വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാളവിക വെയില്‍സ് ആണ്.
മഞ്ഞില്‍ വിരിഞ്ഞ പൂവ് തന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അനുഭമാണെന്ന് ഇടൈംസിന് നല്കിയ അഭിമുഖത്തില്‍ മാളവിക പറയുന്നു. ഒരേ കഥാപാത്രമായി തുടര്‍ച്ചയായി നാല് വര്‍ഷം നില്‍ക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും താരം പറയുന്നു.
‘നമ്മള്‍ ശരിക്കും ഒരു ഡിഗ്രി കോഴ്‌സ് എടുക്കുമ്പോള്‍ കടന്ന് പോകുന്ന പല ഘട്ടങ്ങള്‍ ഉണ്ടാവും, അത് പോലെയാണ് ഈ നാല് വര്‍ഷത്തെ എന്റെ യാത്ര. സീരിയലിലൂടെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്റെ ജീവിതത്തിലും ഒരു വലിയ അടയാളപ്പെടുത്തലാണ്’ എന്ന് നടി കൂട്ടിച്ചേര്‍ത്തു.
എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രമാണ് അഞ്ജന. പതിവുപോലെയുള്ള സീരിയലിലെ സ്ത്രീ കഥാപാത്രമല്ല ഇത്. കുറേ സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അഞ്ജന എന്ന കഥാപാത്രം ഇതില്‍ നിന്നെല്ലാം ഒരുപാട് വ്യത്യസ്തമായിരിക്കുന്നുവെന്നും നടി പറയുന്നു.
‘ജീവിതത്തില്‍ പൊരുതി വിജയം നേടിയ പെണ്ണാണ് അഞ്ജന. പരമ്പരയുടെ തുടക്കത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സാധാരണ പെണ്കുട്ടിയായിരുന്നു അഞ്ജന. കഠിനാധ്വാനത്തിലൂടെ ഇപ്പോള്‍ കേരളത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായിട്ടാണ് മുന്നോട്ട് പോകുന്നത്’ എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
അഞ്ജന എന്ന കഥാപാത്രത്തിലൂടെ വളരെ പോസിറ്റീവ് ആയി സ്ത്രീശാക്തീകരണത്തെ കാണിച്ചുകൊടുക്കാന്‍ കഴിയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നാല് വര്‍ഷമായി അഞ്ജനയായി ജീവിക്കുകയായിരുന്നു, അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന്റെ ഓരോ കാര്യങ്ങളും ഇപ്പോള്‍ എനിക്ക് പരിചിതമാണ് എന്നും അഞ്ജന പറയുന്നു.
പ്രേക്ഷകര്‍ എന്നെ മാളവിക എന്ന് വിളിക്കുന്നതിനെക്കാള്‍ സന്തോഷമാണ് അഞ്ജന എന്ന് വിളിയ്ക്കുമ്പോള്‍. സീരിയലില്‍ ഇഷ്ടപ്പെട്ടത് അഞ്ജന ഐ എ എസ് ഓഫീസര്‍ ആയപ്പോഴാണ്. നാടിന് വേണ്ടി നന്മകള്‍ ചെയ്യുന്ന ഒരു ഐ എ എസ് ഓഫീസറായിരുന്നു അതെന്നും ആ വേഷം ചെയ്യുമ്പോള്‍ എനിക്ക് എന്തോ അമാനുഷിക ശക്തി കിട്ടിയത് പോലെ ഒരു ഫീല്‍ ആയിരുന്നുവെന്നും നടി പറയുന്നു. എനിക്ക് ഈ വേഷം തന്ന പരമ്പരയിലെ എല്ലാവരോടും പിന്നെ അഞ്ജനയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും ഒരുപാട് നന്ദിയുണ്ടെന്ന് നടി പറയുന്നു.