25 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലെന. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന തന്റെ അഭിനയ ജീവിതത്തിന് ഇടയില്‍ നായികയായും സഹനടിയായും വില്ലത്തിയായും അമ്മയായും ഒക്കെ നിരവധി സിനിമകളിലൂടെ ലെന മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ക്ലാസ്സിക് ഡയറക്ടര്‍ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയത് ലെന കൈയ്യടി നേടി. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയിലും ലെന അഭിനയിച്ചു. മലയാളത്തില്‍ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലെന. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് പോലീസ് പിടിച്ച കഥയായിരുന്നു ലെന പറഞ്ഞത്. പ്ലസ്ടുവില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. സ്‌കൂളിലെത്താന്‍ വൈകിയപ്പോള്‍ സ്‌കൂട്ടറുമെടുത്്ത് പോവുകയായിരുന്നുവെന്ന് ലെന പറയുന്നു.
ഒരു കയറ്റം കയറി മുകളിലെത്തിയപ്പോഴാണ് അറിഞ്ഞത് പുറകിലെ വണ്ടിയില്‍ പോലീസുകാരുണ്ടെന്ന്. അവര്‍ തന്നോട് ലൈസന്‍സ് ചോദിച്ചുവെന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ കണ്ണുരുട്ടി പേടിപ്പിച്ചുവെന്നും മാതാപിതാക്കളോട് സ്‌റ്റേഷനില്‍ വരാന്‍ പറഞ്ഞുവെന്നും ലെന പറയുന്നു.
എന്നാല്‍ താന്‍ ഇക്കാര്യം വല്യ കാര്യമാക്കിയില്ല. എന്നാല്‍ വൈകിട്ട് പോലീസുകാര്‍ വീട്ടില്‍ വന്നുവെന്നും കാര്യം അറിഞ്ഞതോടെ അമ്മ ഞെട്ടിയെന്നും സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ തന്നെയെയും അമ്മയെയും പോലീസുകാര്‍ വഴക്ക് പറഞ്ഞാണ് വിട്ടതെന്നും ലെന ഓര്‍ക്കുന്നു.