മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.
മലയാള ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ ലക്ഷ്മി തന്റെ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തയില്‍ നിറയാറുണ്ടായിരുന്നു.
ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ലക്ഷ്മി പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മുമ്പ് നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു താരം കുറിപ്പിലൂടെ പറഞ്ഞത്.
സഹോദരിയെ പോലെ കണ്ടിരുന്ന അയല്‍പ്പക്കക്കാരിയുടെ പിതാവ് തന്നെ ന്യൂ ഇയര്‍ വിഷ് ചെയ്യാനായി വിളിച്ചിരുന്നു. വളരെ സ്‌നേഹത്തോടെ ജയേഷേട്ടനോട് സംസാരിച്ച ശേഷം തനിക്ക് ഫോണ്‍ തന്നുവെന്നും അപ്പോള്‍ തന്നോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചുവെന്നും അതുകേട്ടപ്പോള്‍ അപമാനം കൊണ്ട് തല കുനിഞ്ഞുപോയെന്നും താരം പറയുന്നു.
ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണെന്ന് അയാള്‍ തന്നോട് പറഞ്ഞുവെന്നും തന്റെ പിതാവിനെക്കാള്‍ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട് കരഞ്ഞുപോയെന്നും ലക്ഷ്മി പറയുന്നു.
അപമാനം കൊണ്ട് തല കുനിയല്‍
2016 ഡിസംബര്‍ 31.സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളില്‍ വയസ്സുള്ള അച്ഛന്‍ ന്യൂ ഇയര്‍ വിഷ് ചെയ്യാന്‍ ജയേഷേട്ടന്റെ ഫോണില്‍ വിളിക്കുന്നു. വളരെ സ്നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച് എന്റെ കൊച്ചു മകള്‍ എവിടെ? എന്നെക്കുറിച്ച് എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടന്‍ മറുപടി പറയുന്നു. ആരാണ് ഫോണില്‍ എന്ന എന്റെ ചോദ്യത്തിന് ‘ ഇന്ന ആളുടെ അച്ഛന്‍ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.
എന്റെ മോള്‍ക്ക് ഫോണ്‍ കൊടുക്ക് എന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് ഫോണ്‍ തരികയും ‘ആഹ് അച്ഛാ എന്ന് വിളിച്ച് ന്യൂ ഇയര്‍ വിഷ് ചെയ്യുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യന്‍ ‘ ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോര്‍ക്കുമ്പോ ഹോ ‘ അത്രയുമേ ഞാന്‍ കേട്ടുള്ളൂ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാന്‍ കരയുന്നത് കണ്ട് എന്നോട് ചേട്ടന്‍ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാള്‍ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാന്‍ ഗര്‍ഭകാലത്തെ കാലുകളെ കുറിച്ചോര്‍ത്തു. രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ പ്ലാസന്റ മറിഞ്ഞു പോകുകയും തുടര്‍ച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് മുതല്‍ തുടങ്ങിയ ബ്ലീഡിങ് ആറെ മുക്കാല്‍ മാസത്തില്‍ മാതുവിനെ സിസേറിയന്‍ ചെയ്ത് എടുക്കുന്നത് വരെ തുടര്‍ന്നു.
അതേ തുടര്‍ന്നു അന്ന് മുതല്‍ ഹെവി ഡോസ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോര്‍മോണ്‍ ഇന്‍ജെക്ഷന്‍ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയും മാത്രമല്ല ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ പ്രസവം വരെ ഞാന്‍ ഷുഗര്‍ രോഗി ആവുകയും രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.
മൂന്നാം മാസം മുതല്‍ തുട മുതല്‍ കാല്‍പ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ. അങ്ങനെയുള്ള ഗര്‍ഭിണിയുടെ മുഴുത്ത തുടകള്‍ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സില്‍ കൊണ്ടു നടക്കുന്നു എന്ന് ഞാന്‍ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോള്‍ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി.