വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കർക്കിടയിലേയ്ക്ക് ഇറങ്ങി വന്ന താരമാണ് നടി കൃഷ്ണ പ്രഭ. അഭിനയത്തിന് പുറമെ, മികച്ച നർത്തകിയും ഗായികയും കൂടിയാണ് കൃഷ്ണ പ്രഭ. ഇപ്പോൾ, ഇൻസ്റ്റഗ്രാം റീൽസിലൂടെ ഡാൻസ് വീഡിയോയും മറ്റും പങ്കുവെച്ച് സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുകയാണ് താരം.
ആർടിസ്റ്റായതിനാൽ കുറേ വിദേശരാജ്യങ്ങളിലേക്ക് പോവാനായിട്ടുണ്ട്. അമ്മയും എല്ലായിടത്തും എനിക്കൊപ്പം പോവാറുണ്ട്. യുഎസ് ട്രിപ്പിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ചും പ്രായം ഏറെ പിന്നിട്ടിട്ടും വിവാഹം കഴിക്കാത്തതിനെ കുറിച്ചും നടി മനസ് തുറക്കുന്നുണ്ട്. തനിക്ക് വിവാഹം ഇപ്പോഴില്ലെന്നും നടി കൂട്ടിച്ചേർത്തു.
നടി കൃഷ്ണ പ്രഭയുടെ വാക്കുകളിലേയ്ക്ക്;
കന്നാസും കടലാസും പിന്നെ ഞങ്ങളും ഷോയ്ക്കിടയിലായിരുന്നു അത്. ഇന്നസെന്റ്, ശ്വേത മേനോൻ, ജഗതി ശ്രീകുമാർ, ബിജു നാരായണൻ അങ്ങനെ കുറേ പേരുണ്ടായിരുന്നു ആ ഷോയിൽ. ഫ്ളോറിഡയിലെന്തോ ആയിരുന്നു അത്. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ഭയങ്കരമായ ശബ്ദത്തോട് കൂടി ഫയർ അലാറം അടിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാവരും കൈയ്യിൽ കിട്ടുന്ന സാധനമെടുത്ത് ഓടുന്നതാണ് കണ്ടത്.
പാസ്പോർട്ടും എടുത്താണ് ഞാൻ ഓടിയത്. അമ്മയാവട്ടെ ക്യാമറയും എടുത്താണ് വന്നത്. എനിക്ക് വില പിടിപ്പുള്ളതായി തോന്നിയത് ഇതാണെന്നായിരുന്നു അമ്മയുടെ കമന്റ്. ആരോ റൂമിൽ സിഗരറ്റ് വലിച്ചപ്പോൾ അടിച്ചതാണ്. ജഗതിച്ചേട്ടനും ഇന്നസെന്റേട്ടും ഇങ്ങനെയൊരു സൗണ്ട് അറിഞ്ഞതേയില്ല. ആണോ, നിങ്ങളൊക്കെ ഇറങ്ങി ഓടിയോ എന്നായിരുന്നു ചോദിച്ചത്. ശരിക്കും ഇപ്പോൾ കന്നാസും കടലാസുമായേനെ എന്നായിരുന്നു അന്ന് സാജുച്ചേട്ടന്റെ കമന്റ്.
ലോക് ഡൗൺ സമയത്തായിരുന്നു ഞങ്ങൾ റീൽസ് ചെയ്ത് തുടങ്ങിയത്. ഡാൻസ് വീഡിയോ എടുത്ത് നോക്കാമെന്ന് പറഞ്ഞ് ഇട്ടതാണ്. അത് വൈറലായി. അതോടെ ഇത് കൊള്ളാലോ എന്ന് തോന്നി. ഇപ്പോൾ ഞങ്ങൾ അറിയപ്പെടുന്നത് റീൽസ് സിസ്റ്റേഴ്സ് എന്നാണ്. നിങ്ങൾ ട്വിൻസാണോ എന്നൊക്കെ ചോദിച്ചിരുന്നു. ലെസ്ബിയൻസാണോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്താണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നതെന്ന് അറിയില്ല.
വിവാഹം ഇപ്പോഴില്ല. ഒരുപാട് പേർ ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. ആരേയും കണ്ടുവെച്ചിട്ടില്ല. സ്വന്തമായിട്ട് സിംഗിളായിട്ട് നിൽക്കാനാണിഷ്ടം. ആഗ്രഹിച്ച് ഫീൽഡിൽ വന്നതാണ്. ജീവിതത്തിൽ പ്രണയമൊക്കെയുണ്ടായിട്ടുണ്ട്. കംഫർട്ടബിളല്ലെന്ന് തോന്നിയപ്പോൾ അത് വിട്ടതാണ്. എന്റെ ചേട്ടനും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പുള്ളിക്ക് 42 വയസായി, എനിക്ക് 35ഉം.
നിങ്ങൾക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിച്ചാൽ മതിയെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ഇതുപോലൊരു അമ്മയെ കിട്ടുമോയെന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കാറുണ്ടെന്നും കൃഷ്ണ പ്രഭ പറയുന്നു. നെഗറ്റീവ് കമന്റുകൾ ഞാൻ അങ്ങനെ നോക്കാറില്ല. വല്ലതും കണ്ടാൽ അതിന് കൃത്യമായി മറുപടി കൊടുക്കാറുണ്ട്.
സെലിബ്രിറ്റികളെ ചൊറിഞ്ഞ് റീച്ച് കൂട്ടാമെന്നായിരുന്നു ചിലരൊക്കെ കരുതിയത്. അങ്ങനെയുള്ള കാഴ്ചപ്പാട് തെറ്റാണ്. സ്വന്തം കഴിവിലൂടെ വളരാൻ ശ്രമിക്കുകയല്ലാതെ മറ്റൊരാളെ ചൊറിഞ്ഞ് റീച്ച് കൂട്ടുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ഈ ട്രിക്ക് മനസിലായതോടെയാണ് ഞാൻ കമന്റുകൾ കണ്ടാൽ മിണ്ടാതിരിക്കാൻ പഠിച്ചത്.