മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനിഹ. പഴശ്ശിരാജ, ഭാഗ്യദേവത, ദ്രോണ എന്നീ സിനിമകളിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. അടുത്തിടെ ബ്രോ ഡാഡി എന്ന സിനിമയിലും കനിഹ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പ്രസവ ശേഷം മകനെ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നതിനെക്കുറിച്ചാണ് കനിഹ തുറന്ന് പറഞ്ഞത്.
കനിഹയുടെ വാക്കുകളിലേയ്ക്ക്;
‘ഋഷി എന്നാണ് മകന്റെ പേര്. അവന് 11 വയസ്സാവുന്നു. കല്യാണം കഴിഞ്ഞ് ഞാൻ യുഎസിലേക്ക് പോയി. അവൻ ജനിച്ചത് യുഎസിലാണ്. 2010 ലാണ് ഞാൻ ഗർഭിണി ആവുന്നത്. ഗർഭകാലം എല്ലാവരുടെയും പോലെ തന്നെയായിരുന്നു. സ്കാനിംഗിൽ കുഴപ്പമാെന്നും ഉണ്ടായിരുന്നില്ല. ലേബർ പെയിൻ വന്നു. ആശുപത്രിയിലേക്ക് പോയി. പക്ഷെ പ്രസവിച്ച ശേഷം കുഞ്ഞിനെ എന്നെ കാണിച്ചില്ല’
‘എന്തെങ്കിലും ചെറിയ കാര്യത്താലായിരിക്കും എന്ന് കരുതി. 6.30 നായിരുന്നു പ്രസവം. ശേഷം രാത്രി ഒരു ഡോക്ടർ വന്നു. ഒരു പേപ്പറിൽ അദ്ദേഹം ഹൃദയം വരച്ചു. ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹൃദയത്തിന് കുഴപ്പമുണ്ട് ഒരുപക്ഷെ രാത്രിക്ക് ശേഷം അവനുണ്ടാവില്ലെന്ന് പറഞ്ഞു. എന്റെ കൈ കാലുകൾ വിറച്ചു. എങ്ങനെ പ്രതികരിക്കണം എന്ന് കൂടി മനസ്സിലായില്ല’
‘ശരീരം പ്രസവത്തിന് ശേഷം റിക്കവർ ആയി വരുന്നേ ഉള്ളൂ. എവിടെ നിന്നാണ് ഒരു ധൈര്യം വന്നതെന്നറിയില്ല. ഞാൻ നടന്നു പോയി അടുത്ത യൂണിറ്റിലുള്ള എന്റെ കുഞ്ഞിനെ കണ്ടു. അമ്മയ്ക്കുള്ള ശക്തി എന്ന് പറയില്ലേ. അവൻ വളരെ ചെറുതായിരുന്നു. നിറയെ ന്യൂഡിൽസ് പോലെ ശരീരത്തിൽ പൈപ്പുകൾ ഘടിപ്പിച്ചിരുന്നു. ആ ലൈഫ് സപ്പോർട്ടിൽ അവനെ ഒരാഴ്ച വെച്ചിരുന്നു’
‘ഏഴാമത്തെ ദിവസം ഇങ്ങനെ വെച്ചിട്ടെന്താണ് കാര്യം നമുക്ക് ഓപ്പറേഷൻ ചെയ്ത് രക്ഷപ്പെടാനുള്ള ഒരവസരം കൊടുക്കാം എന്ന് പറഞ്ഞു. 60 ശതമാനമായിരുന്നു കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത. ഞാൻ സായ് ബാബയുടെ ഭക്തയാണ്. എല്ലാ ഭാരവും അദ്ദേഹത്തിൽ വെച്ചു. അവന്റെ സർജറി ദിവസം ഞാൻ അമ്പലത്തിൽ പോയിരുന്നു. ഭർത്താവ് ആശുപത്രിയിൽ ഉണ്ടായിരുന്നു.
എട്ട് മണിക്കൂറോളം സർജറി നടന്നു. അതെല്ലാം കടന്ന് വന്ന് കുഞ്ഞാണ് ഋഷി. ദൈവത്തിന്റെ മകനായാണ് ഋഷിയെ ഞാൻ കാണുന്നത്. ‘ജീവിതത്തിൽ ആദ്യമായാണ് ഒരു ജീവന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത്. ജീവിതത്തെ മാറ്റി മറിച്ച നിമിഷമായിരുന്നു അത്. അതിന് ശേഷം ഇനി എന്ത് നടന്നാലും എനിക്കത്ര പ്രശ്നമില്ല. കാരണം ഞാൻ ഇതിനേക്കാൾ വലുത് അഭിമുഖീകരിച്ചു കഴിഞ്ഞു.
ഇപ്പോൾ എന്ത് നടന്നാലും എന്നെ അത് വലിയ തോതിൽ ബാധിക്കില്ല’ ‘ഇതും കടന്നു പോവുമെന്ന മനോഭാവം വന്നു. നിങ്ങൾ ഭയങ്കര ക്ഷമയുള്ളയാളാണല്ലോ ദേഷ്യം വരാറില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ചിലപ്പോൾ ഇത് കൊണ്ടായിരിക്കും. എല്ലാവർക്കും ജീവിതം മാറി മറിയുന്ന ഒരു സംഭവം ഉണ്ടാവും. എന്നെ സംബന്ധിച്ച് അത് എന്റെ മകന്റെ ജനനമായിരുന്നു’
‘കുഞ്ഞ് വളരുമ്പോൾ ഇതെല്ലാം എങ്ങനെ വിശദീകരിച്ചു കൊടുക്കുമെന്നതാണ് അടുത്ത ചലഞ്ച്. സ്വിമ്മിംഗിന് പോവുകയാണെന്ന് വെച്ചോളൂ. അവന് മാത്രം നെഞ്ചിൽ നീണ്ട പാടുണ്ട്. ആദ്യം അവന് അതെന്താണെന്ന് മനസ്സിലാവണം. അതിന് ശേഷം കാണുന്ന കുട്ടികൾക്ക് അയ്യേ എന്ന് തോന്നരുതല്ലോ.
അതു ദൈവത്തിന്റെ അടയാളമാണെന്നാണ് ഞാനവനോട് പറഞ്ഞത്. ശേഷം മനസ്സിലാക്കാൻ പറ്റുന്ന പ്രായത്തിൽ അവനോട് പറഞ്ഞു. ഇതൊരിക്കലും ഒരു കുറവാണെന്ന് വിചാരിക്കരുത്. നീ ധൈര്യമായി അതിജീവിച്ചതിന്റെ പാട് ആണിത്. ഇപ്പോൾ അതേപറ്റി അവൻ അഭിമാനത്തോടെ പറയും.