സിനിമ സംഘടനകളില്‍ അംഗത്വമുള്ളവരുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇന്ന് പരിഹരിക്കപ്പെടുന്നതെന്നും സംഘടനകളില്‍ അംഗത്വം ഇല്ലാത്ത നിരവധി പേരുടെ പ്രശ്‌നങ്ങള്‍ ബാക്കി നില്ക്കുകയാണെന്നും തുറന്നുപറഞ്ഞ് നടി ജോളി ചിറയത്ത് രംഗത്ത്.
മലയാളം സിനിമ ഇന്‍ഡസ്ട്രിയിലെ സംഘടനയില്‍ അംഗത്വമില്ലാത്തവരായി ആയിരത്തില്‍ അധികം പേരുണ്ട്. താന്‍ ഇതുവരെ ഒരു സംഘടനയിലും അംഗമല്ലെന്നും കാരണം ഒന്നരലക്ഷം രൂപ കൊടുത്ത് സംഘടനയില്‍ അംഗത്വം എടുക്കാനുള്ള സാധ്യതയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രം ‘വിചിത്ര’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജോളി ചിറയത്ത് ഇക്കാര്യം പറഞ്ഞത്. സിനിമ ഇന്‍ഡസ്ട്രിയില്‍ ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം അംഗങ്ങളായിട്ടുള്ള സംഘടന ഇന്നില്ലെന്ന് നടി ചൂണ്ടിക്കാട്ടി.
നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയിലാണ് ഏറ്റവും അവസാനം ഒരു യൂണിയന്‍ ഉണ്ടായതെന്നും ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ ആദ്യമെ ഇതൊക്കെ ഉണ്ടായിരുന്നുവെന്നും അവിടെയൊക്കെ ഇതിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മള്‍ ഇതേപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയതെന്നും നടി പറയുന്നു.
ഒരു സിനിമ സംഘടനയില്‍ അഞ്ഞൂറ് പേരുണ്ടെങ്കില്‍ അതില്‍ എല്ലാവര്‍ക്കും ജോലി ഉണ്ടാവണമെന്നില്ല. കാരണം നമ്മുടെ മലയാളം ഇന്‍ഡസ്ട്രി അത്രത്തോളം വലുതല്ലെന്നും പുതിയ ആളുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്നതുകൊണ്ട് തൊഴില്‍ പ്രതിസന്ധി ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ജോളി പറയുന്നു.