അടുത്തിടെ തിയേറ്ററുകളിലെത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം വലിയ വിജയമാണ് കൈവരിച്ചത്. നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന അതിലുപരി ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള മികച്ച സിനിമയായിരുന്നു.
ചിത്രത്തിലെ ഓരോ ഡയലോഗും അടുത്ത 10 വര്‍ഷം കഴിഞ്ഞ് കേട്ടാലും പ്രസക്തിയുള്ളത് തന്നെയാണ്. ഈ ചിത്രത്തിലെ കുഞ്ചാക്കോബോബന്റെ കഥാപാത്രം മാത്രമല്ല, ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയാണ്. അതില്‍ ഒരു കഥാപാത്രമാണ് സുമലത ടീച്ചര്‍.
സുമലത എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചത് കാസര്‍ഗോട് നീലേശ്വരം കുന്നുംകൈ സ്വദേശിനി ചിത്ര നായരാണ്. ആയിരകണ്ണുമായ് എന്ന ഓട്ടോയുടെ ഡ്രൈവര്‍ സുരേഷേട്ടനുമായുള്ള സുമലത ടീച്ചറുടെ പ്രണയം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നതാണ്.
കനകം കാമിനി കലഹം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ രാജേഷ് മാധവനാണ് ചിത്രത്തില്‍ സുരേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം ഹിറ്റായതോടെ സിനിമയിലേക്കെത്തിയതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ചിത്ര നായര്‍.
‘മാക്‌ഫ്രെയിം എന്ന കലാകാരന്മാരുടെ സംഘടനയില്‍ പലപ്പോഴും കാസ്റ്റിങ് കോളുകള്‍ വരാറുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ അവസാനവട്ട ഓഡിഷന്‍ സമയത്താണ് ഞാനത് ശ്രദ്ധിക്കുന്നത്. മാക്ക് ഗ്രൂപ്പിന്റെ ചീഫ് കോര്‍ഡിനേറ്ററാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയുള്ള ഓഡിഷന് വീഡിയോയും ഫോട്ടോയും അയയ്ക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്.’ എന്ന് നടി പറയുന്നു.
പല പല വേഷങ്ങളും ചെയ്യിപ്പിച്ച് നോക്കിയതിനുശേഷമാണ് ഞാന്‍ ഇപ്പോള്‍ ചെയ്ത സുമലതയുടെ ക്യാരക്ടര്‍ എനിക്ക് തന്നത്. നല്ലൊരു കഥാപാത്രം കിട്ടിയതില്‍ ഒരുപാട് സന്തോഷം തോന്നി. സുമലത കുറച്ച് റൊമാന്റിക്കാണ്. അതുപോലെ തന്നെ നര്‍മവുമൊക്കെയുള്ള ഒരു ക്യാരക്ടറാണ്.” എന്ന് നടി പറയുന്നു.
”എന്റേത് നീളന്‍ മുടിയാണ്. ഈ കഥാപാത്രത്തിനായി നീളമുളള മുടി ഒന്ന് മുറിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ സത്യത്തില്‍ ആദ്യം ഞാന്‍ ഒന്ന് മടിച്ചു. ‘രതീഷ് ബാലകൃഷ്ണ പൊതുവാള്‍, കുഞ്ചാക്കോ ബോബന്‍, രാജേഷ് മാധവന്‍ തുടങ്ങിയവര്‍ ഉള്ള ക്രൂവാണിതെന്നും ഈ ടീമിനൊപ്പം നിന്ന് ഒരു ക്യാരക്ടര്‍ റോള്‍ ചെയ്താല്‍ ഉറപ്പായും സിനിമയില്‍ ഒരു ബ്രേക്ക് കിട്ടുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചു’ എന്നും നടി കൂട്ടിച്ചേര്‍ത്തു.