മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായിട്ടാണ് അഭിരാമി സിനിമയിലേക്ക് വന്നത്.
പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അഭിരാമി.
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തിയ താരം തമിഴിലും – മലയാളത്തിലും എല്ലാം സജീവമാണിപ്പോള്‍. മലയാളത്തില്‍ സുരേഷ് ഗോപി നായകനായ ഗരുഡന്‍ ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വര്‍ഷം അഭിരാമി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു.
ഇപ്പോഴിതാ മകളെ കുറിച്ച് അഭിരാമി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അവള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട് ഒരു വര്‍ഷമായി എന്നും ഭയങ്കര കുറുമ്പിയാണെന്നും ഒരിടത്തും അവള്‍ വെറുതേ നില്‍ക്കില്ലെന്നും അഭിരാമി പറയുന്നു.
താന്‍ ഈ അഭിമുഖത്തില്‍ വരുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവ് തനിക്ക് മകളുടെ ഒരു വീഡിയോ അയച്ചുതന്നിരുന്നു. തന്റെ സ്യൂട്ട്‌കേസ് തുറന്ന് അതിലെ ഓരോ സാധനങ്ങളും അവള്‍ വലിച്ചുവാരിയിടുന്നതായിരുന്നു വീഡിയോയിലുള്ളതെന്നും തന്റെ ഭാഗത്തും തെറ്റുണ്ടെന്നും യാത്ര കഴിഞ്ഞ് വന്നപ്പോള്‍ സ്യൂട്ട്‌കേസിലെ സാധനങ്ങളെല്ലാം താന്‍ മാറ്റിവെക്കേണ്ടതായിരുന്നുവെന്നും അങ്ങനെ ചെയ്യാതെ വച്ചേക്കുവായിരുന്നുവെന്നും അഭിരാമി പറയുന്നു.
അതുകൊണ്ടാണ് അവള്‍ അതെടുത്ത് കളിച്ചത്. ആ വീഡിയോ കണ്ട് താന്‍ ശരിക്കും ഷോക്കായി എന്നും പക്ഷേ അവള്‍ തങ്ങള്‍ക്ക് എപ്പോഴും സന്തോഷമാണ് തരുന്നതെന്നും അവളുടെ ചിരിയും കുറുമ്പും കണ്ട് സമയം പോകുന്നത് അറിയില്ലെന്നും ഇഷ്ടം കൂടുമ്പോള്‍ അവള്‍ വന്ന് കെട്ടിപ്പിടിക്കുമെന്നും അഭിരാമി പറയുന്നു.