മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോര്‍ട്ട്. തുടര്‍ന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും വിനയ് ഫോര്‍ട് തിളങ്ങി.
വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ വേഗം തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞു. ഋതുവിന് ശേഷം അഭിനയിച്ച സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
ഈ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അപൂര്‍വ്വ രാഗത്തിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ വിനയ് ഫോര്‍ട്ട് ഭാഗമായി. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ സിനിമകളില്‍ എത്തിയിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം പോലുളള സിനിമകളിലെ വേഷം വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് വിനയ് ഫോര്‍ട്ടിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമ റിലീസ് ചെയ്തത്. 2019ല്‍ പുറത്തിറങ്ങിയ തമാശ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു.
ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. എന്താണ് ഫെമിനിസമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും കല്യാണം കഴിക്കുന്നത് വരെ സമൂഹത്തില്‍ പുരുഷനും സ്ത്രീയും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു.
എന്തിനാണ് ഫെമിനിസത്തെക്കുറിച്ച് സ്ത്രീകള്‍ സംസാരിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും സമൂഹത്തില്‍ സത്രീകള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പറയുമ്പോഴും തനിക്ക് അതേപ്പറ്റി ധാരണയില്ലെന്നും എല്ലാം പഠിപ്പിച്ചത് ഭാര്യ സൗമ്യയാണെന്നും വിനയ് ഫോര്ട്ട് പറയുന്നു.
സ്ത്രീകള്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്ന് സൗമ്യ തനിക്ക് വ്യക്തമായി പറഞ്ഞുതന്നുവെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. രാത്രി പുറത്തിറങ്ങുമ്പോഴും ബസ്സുകളില്‍ യാത്രചെയ്യുമ്പോഴും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ഭാര്യ കാണിച്ചുതന്നുവെന്നും വിനയ് ഫോര്ട്ട് പറയുന്നു. തന്റെ ഭാര്യ ഫെമിനിസ്റ്റാണെന്നും കമ്മൂണിസ്റ്റാണെന്നും എത്തിസ്റ്റാണെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.