സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്റെ നിലപാട് സിനിമയിൽ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താരം കൂടിയാണ് വിജയ്. നേരത്തെ വിജയ് സംഘടിപ്പിച്ച തമിഴ്നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് താരം വിദ്യാർത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവർന്നിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊതുവെയുള്ള സംസാരം.
ഇതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനകൾശക്തമായിരിക്കുകയാണ്. 2024 പാർലമെന്റ് തെരഞ്ഞെടുപ്പിലോ 2026 ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലോ മത്സരിക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന് എപ്പോഴും ചർച്ചയിൽ നിറയുകയാണ്. ഇപ്പോഴിതാ താരം തന്റെ ഫാൻസ് അസോസിയേഷനുകളെഅതിന് വേണ്ടി തയ്യാറാക്കുന്നു എന്ന സൂചനകൾ വളരെ ശക്തമാണ്. അടുത്തിടെ ലിയോ സിനിമയുടെ വിജയാഘോഷ വേദിയിലും ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും വിജയിയുടെ പ്രസംഗത്തിലെ പലകാര്യങ്ങളിലും രാഷ്ട്രീയം തെളിഞ്ഞു കാണാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
താരത്തിന്റെ ഈ സംശയത്തിന് ബലം നൽകുന്ന രീതിയിൽ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വിജയ്. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് വിജയിയുടെ തീരുമാനം.
താരം ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു. ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായി ഇത്തരം വായനശാലകളെ മാറ്റാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് വിജയ് മക്കൾ ഇയക്കം നേതാക്കൾ അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ അടക്കമുള്ള സയാഹ്ന ക്ലാസുകൾ ഈ വായനശാലകളിൽ സംഘടിപ്പിക്കാൻ നിർദേശമുണ്ട്.
പഠനം മുടങ്ങിയവർക്കും, പഠനത്തിന് പണം ഇല്ലാത്തവർക്കും ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് വിജയ്‌യുടെ ഉദ്ദേശം. യുവാക്കളെ കൂടുതൽ ആർഷിക്കാൻ കൂടിയാണ് പദ്ധതി. എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് ആരാധക സംഘം ആരംഭിച്ചിരുന്നു.
ഈ പരിപാടിയുടെ തുടർച്ചയാണ് വായനശാലയും തുടങ്ങുന്നത്. അതേ സമയം വിജയ് ആരാധക സംഘത്തിന്റെ ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് എന്നും തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ഇടവേള 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.