നടൻ ഉണ്ണി മുകുന്ദന്റെ നായികയായി നടി നിഖില വിമൽ എത്തുന്നു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.
സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പ് അടിച്ചു. ചിത്രത്തിൽ പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെ ആയിരിക്കും നിഖില വിമൽ അവതരിപ്പിക്കുന്നത്. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് മഹേഷ് നാരായണൻ, സംഗീതം സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, രോഹിത്ത് കിഷോർ. സിനിമയുടെ ചിത്രീകരണം ജനുവരി 17 ന് എറണാകുളത്ത് ആരംഭിക്കും.