മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.
യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളില്‍ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു.
Also Read: വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്; മല്ലികയുടെ ചോദ്യത്തിന് കല്പനയുടെ മറുപടി
2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയത്. 250ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, നന്തി അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കൊപ്പം പോക്കിരി രാജ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവെക്കുകയാണ് സിദ്ധിഖ്. വില്ലനായി മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം അഭിനയിച്ചാല്‍ രണ്ട് സിനിമയൊക്കെ കഴിയുമ്പോള്‍ അവര്‍ പറയും മാറ്റിപ്പിടിക്കാനെന്ന് സിദ്ധിഖ് പറയുന്നു.
മമ്മൂക്കയുടെ ഏതാനും സിനിമയില്‍ താന്‍ വില്ലനായി അഭിനയിച്ചിരുന്നു. പോക്കിരി രാജ എന്ന ചിത്രത്തിലും മമ്മൂക്കയുടെ വില്ലനായിരുന്നു താന്‍. ഈ സിനിമ കഴിഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു, കുറേ കാലമായി നമ്മള്‍ പ്രേം നസീര്‍, ഉമ്മര്‍ കളി തുടങ്ങിയിട്ടെന്നും ഇത് മാറ്റിപ്പിടിക്കണമെന്നും എന്ന് സിദ്ധിഖ് പറയുന്നു.