സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് നടന് മോഹന്‍ലാല്‍. താരം തന്നെയാണ് സംഘടനയിലെ തന്റെ ഐഡന്റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് ഇത് അറിയിച്ചത്. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്.
ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാഗതത്തിനും നന്ദി. ഈ ഗംഭീര കുടുംബത്തിന്റെ ഭാഗമാവുന്നത് ഒരു അംഗീകാരമാണ്, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ആണ് നിലവില്‍ മോഹന്‍ലാല്‍.
ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ചലച്ചിത്ര തൊഴിലാളി സംഗമം നടക്കുന്ന ദിവസം തന്നെയാണ് താന്‍ സംഘടനയുടെ ഭാഗമാവുന്നതായി മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് തൊഴിലാളി സംഗമം.
ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമയാണിത്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്.