ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയുടെ നാലാം സീസണ് വരെ എത്തി നില്‍ക്കുകയാണ്. ഓരോ സീസണും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്.
അതുകൊണ്ടുതന്നെ പുതിയ സീസണ് പ്രഖ്യാപിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാലാം സീസണില്‍ ബിഗ് ബോസ് ട്രോഫിയും അമ്പത് ലക്ഷം രൂപയും സ്വന്തമാക്കിയത് ദില്‍ഷ പ്രസന്നനാണ്. ബ്ലസ്ലിയായിരുന്നു രണ്ടാം സ്ഥാനത്ത്.
ഇതുവരെ കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ സീസണായിരുന്നു ബിഗ് ബോസ് സീസണ് മൂന്ന്. കോവിഡ് പിടിമുറുക്കിയതോടെ ഷോയുടെ 95ാം ദിവസം പരിപാടി അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മത്സരം മുറുകിയിരിക്കുന്ന സമയത്തായിരുന്നു ഷോ അവസാനിപ്പിച്ചത്.
എന്നാല്‍ പ്രേക്ഷകരുടെ വോട്ടുകളിലൂടെ നടന് മണിക്കുട്ടനെ ബിഗ് ബോസ് സീസണ് മൂന്നിന്റെ വിജയിയായി പ്രഖ്യാപിച്ചു. മണിക്കുട്ടന് നിരവധി ആരാധകരെയാണ് ഷോ സമ്മാനിച്ചത്. ഡിംപല്‍, അനൂപ്, റിതു, സായ്, ഫിറോസ്, നോബി, റംസാന് എന്നിവരാണ് മണിക്കുട്ടന് പുറമെ ഫൈനലിസ്റ്റുകളായത്.
ഇപ്പോഴിതാ ബിഗ് ബോസ് ട്രോഫി സ്വന്തമാക്കിയിട്ട് ഒരു വര്‍ഷം ആകവെ മനോഹരമായ ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മണിക്കുട്ടന്. ‘പ്രേക്ഷകരുടെ മുന്നില്‍ ബിഗ് ബോസ് സീസണ് 3 വിന്നറായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. പ്രിയപ്പെട്ട പ്രേക്ഷകരുടെ മനസിന്റെ നന്മയുടെ വിജയമായി അന്നും ഇന്നും ഞാന്‍ അതിനെ കാണുന്നു.’ എന്ന് മണിക്കുട്ടന് കുറിച്ചു.
‘പതിനാറ് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അംഗീകാരങ്ങള്‍ കിട്ടാതിരുന്ന അവസരങ്ങളില്‍ മനസ് മടുത്തിട്ടില്ല അതുകൊണ്ട് തന്നെ ഒരു അംഗീകാരം കിട്ടിയപ്പോള്‍ അതിലൊരിക്കലും മതിമറന്ന് പോയിട്ടുമില്ല. അഭിനയ വിദ്യാര്‍ഥിയായ എനിക്ക് ഇനിയും മുമ്പത്തെക്കാള്‍ ഒരുപാട് അധ്വാനത്തിലൂടെ മുന്നോട്ട് യാത്ര ചെയ്യാനുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയില്‍ തുടര്‍ന്നും സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം.’- മണിക്കുട്ടന് പറയുന്നു.
നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ പ്രതികരിച്ചത്. ബിഗ് ബോസ് സീസണ് മൂന്നില്‍ മണക്കുട്ടന്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയപ്പോള്‍ സായ് വിഷ്ണു രണ്ടാം സ്ഥാനവും ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനവും നേടി. 60104926 വോട്ടുകളാണ് സായ് വിഷ്ണു നേടിയത്.