ബാലനാടാ, കൈയ്യടിക്കട എന്ന ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ മണികണ്ഠൻ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ തന്റെ അഭിനയ മികവ് കൊണ്ട് സിനിമയിൽ ഒരിടം ഉറപ്പിച്ചിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടൻ സ്വ അവാർഡും മണികണ്ഠനെ തേടി എത്തിയിരുന്നു.
എന്നാൽ അതിന് ശേഷം കരിയറിൽ ബ്രേക്ക് ആയിട്ടുള്ള ഒരു കഥാപാത്രവും തന്നെ തേടി എത്തിയിട്ടില്ലെന്ന് നടൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാർക്കറ്റ് വാല്യു ഇല്ലെന്ന കാരണത്താൽ തനിക്ക് അവസരങ്ങൾ നഷ്ടമായതായി ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മണികണ്ഠൻ മനസ് തുറന്നിരുന്നു. ഇലവിഴാ പൂഞ്ചിറ ആദ്യം തനിക്ക് ലഭിച്ച അവസരമായിരുന്നുവെന്നും എന്നാൽ മാർക്കറ്റ് വാല്യുവില്ലാത്തതിനാൽ സൗബിനെ തേടി പോവുകയായിരുന്നുവെന്നും മണികണ്ഠൻ പറയുന്നു.
ഇപ്പോൾ മറ്റൊരു അഭിമുഖത്തിൽ തന്നിലെ നടൻ കമ്മട്ടിപ്പാടം എന്ന ചിത്രത്തോടെ ഇല്ലാതായിട്ടില്ലെന്ന് പറയുകയാണ് മണികണ്ഠൻ. ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും തനിക്ക് ജീവിക്കാൻ സിനിമ മാത്രമേയുള്ളുവെന്നും മണികണ്ഠൻ പറഞ്ഞത്.
മണികണ്ഠൻ പറയുന്നത് ഇങ്ങനെ;
‘ജഗതി ചേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, താൻ ഇതിലേക്ക് വന്ന ശേഷം തനിക്ക് വരുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ തയ്യാറായിട്ടാണ് നില്കുന്നത്. എനിക്ക് വേണ്ട ശമ്പളം തരാൻ തയ്യാറാണോ ഞാൻ ചെയ്യാൻ തയ്യാറാണ്. ആ രീതിയിലാണ് എന്നാണ്. എനിക്ക് അത് ന്യായമായി തോന്നി. ഇതൊരു ജോലിയാണ്. പൈസ വാങ്ങി ചെയ്യുമ്പോൾ പ്രൊഫഷണലാണ്. അങ്ങനെയാകുമ്പോൾ എല്ലാം ചെയ്യണം. അല്ലാതെ സംവിധായകന്റെയും ക്യാമറാമാന്റെയും മാർക്കറ്റ് വാല്യൂ ചോദിച്ചല്ല ഡേറ്റ് കൊടുക്കുന്നത്.’
‘ആ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോ ചെയ്ത് ഫലിപ്പിക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ടോ അങ്ങനെയാണെങ്കിൽ ഞാൻ ആ സിനിമ ചെയ്യും. അങ്ങനെയാണ് ചെയ്‌തോണ്ട് ഇരിക്കുന്നത്. കമ്മട്ടിപ്പാടത്തിൽ ഞാൻ അഭിനയിക്കാൻ അറിയുന്ന ആളാണെന്ന് മനസിലാക്കിയ കൊണ്ടാണ് എനിക്ക് സംസ്ഥാന അവാർഡ് തന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’
പക്ഷെ അതുകഴിഞ്ഞ്, കഥ പറയാൻ ഒരാൾ വേണം, ഇങ്ങനെ പോകുന്ന ഒരാൾ വേണം എന്ന തരത്തിൽ കഥയുടെ ഭാഗമായ കഥാപാത്രങ്ങൾ അല്ലാതെ നടൻ എന്ന നിലയിലുള്ള കഥാപാത്രങ്ങൾ ഒന്നും എനിക്ക് കിട്ടിയിട്ടില്ല. ഞാൻ കമ്മട്ടിപ്പാടത്തോടെ തീർന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. എന്നില്ല നടൻ അങ്ങനെ ഒതുങ്ങുന്നതല്ല. അതിനേക്കാൾ ആഴമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് പ്രാപ്തിയുണ്ട് എന്നാണ് എന്നിലെ നടൻ വിശ്വസിക്കുന്നത്.
എന്നിലെ ആ നടനെ കാണാൻ സംവിധായകരോ നിർമ്മാതാക്കളോ തയ്യാറായിട്ടില്ല. സിനിമയുടെ ഭാഗമായി ഉണ്ടെന്ന് അല്ലാതെ എന്റെ കഥാപാത്രത്തിന് ഒരു കഥയുണ്ടാകാറില്ല. ഞാൻ എന്റെ ജോലി ആയതിന്റെ പേരിൽ അത് ചെയ്തുകൊണ്ടിരിക്കുന്നു. പാഷൻ എന്നതിന് അപ്പുറം എനിക്ക് ഇതുണ്ടെങ്കിലേ ജീവിക്കാൻ പറ്റു. എനിക്ക് പറ്റിയത് ഇല്ലെന്നാണ് പലരും പറയുന്നത്. എനിക്ക് കഥാപാത്രങ്ങൾ തന്നു നോക്കു.
‘സിനിമ ഇല്ലെങ്കിൽ ഞാൻ ഇനി എന്ത് ജോലി ചെയ്ത് ജീവിക്കും. ഒരു രാത്രി കൊണ്ട് എന്നെ നിങ്ങൾ താരമാക്കി. എനിക്ക് ഇനി പഴയ മീൻകച്ചവടം ചെയ്യാൻ പറ്റുമോ. അതിന് നിങ്ങൾ എന്താകും പറയുന്നത്. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി എന്നായിരിക്കും സമൂഹം പറയുക. നടനായി നിൽക്കാൻ ഞാൻ എല്ലാം ചെയ്യുന്നുണ്ട്. എന്നിട്ടാണ് ഞാൻ ഈ പരാതി പറയുന്നത്.