മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തില്‍ ആക്കിയ ഒന്നായിരുന്നു പ്രിയ നടന്‍ കലാഭവന്‍ മണിയുടെ അകാലത്തില്‍ ഉള്ള വേര്‍പാട്. ദാരിദ്ര്യത്തില്‍ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കലാഭവന്‍ മണി മാറിയിരുന്നു.
മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രിയന്‍ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.
നാടന്‍ പാട്ടുകളെ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കലാഭവന്‍ മണിയ്ക്ക് സാധിച്ചു. ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പോറ്റിയിരുന്ന മണിയുടെ നാടന്‍ പാട്ടുകള്‍ ആയിരുന്നു ആദ്യം മലയാളി മനസ്സിനെ കീഴടക്കിയിരുന്നത്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവന്‍ മണിയുടെ പാട്ട് കേട്ടാല്‍ മലയാളിയുടെ മനസ് നിറയുമായിരുന്നു.
ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഇത്രത്തോളം ചേര്‍ന്നു നിന്ന മറ്റൊരു താരം മലയാള സിനിമയില്‍ ഉണ്ടായാട്ടില്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. എന്നാല്‍ ഒരുകാലത്ത് കലാഭവന്‍ മണി സിനിമയില്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഒരുപാട് അവഗണകള്‍ അനുഭവിച്ചിരുന്നു.
ഈ കാരണം കൊണ്ട് തന്നെ കലാഭവന്‍ മണിക്കൊപ്പം പല നടിമാരും അഭിനയിച്ചിരുന്നില്ല. ആ കഥ മലയാളികള്‍ക്ക് പരിചിതമാണ്. കറുത്ത മണിയുടെ നായികയായി തന്നെക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീടങ്ങോട്ട് വലിയ വളര്‍ച്ച തന്നെയായിരുന്നു കലാഭവന്‍ മണിയുടേത്. അദ്ദേഹം ഇന്ത്യന്‍ സിനിമ അറിയപ്പെടുന്ന നടനായി മാറി. അദ്ദേഹത്തിന്‌റെ വളര്‍ച്ചയില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന മലയാളികളെല്ലാം അഭിമാനം കൊണ്ടു. രജനികാന്ത് നായകനായ എന്തിരന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി അഭിനയിച്ചിരുന്നു.
ഒരു ചെത്തുകാരന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദിലേക്ക് പോകാന്‍ നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ ഫ്‌ലൈറ്റ് മിസ്സായിരുന്നു. ഉടന്‍ തന്നെ സംവിധായകന്‍ ശങ്കറിനെ വിളിച്ച് തനിക്ക് എത്താന്‍ പറ്റില്ലെന്നും ഈ വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കാനും മണി പറഞ്ഞു.
എന്നാല്‍ കുഴപ്പമില്ല ഈ വേഷം മണി തന്നെ ചെയ്യണം എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അങ്ങനെ മണി അടുത്ത ഫ്‌ലൈറ്റില്‍ എത്തി മേക്കപ്പിട്ട് ഉടന്‍ ഷൂട്ടിന് റെഡിയായി എത്തിയപ്പോള്‍ കണ്ടത് ഐശ്വര്യ റായിയും രജനികാന്തും തനിക്ക് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കുന്ന കാഴ്ചയായിരുന്നു. ഇത് കണ്ട് മണി ശരിക്കും ഞെട്ടി. തനിക്ക് മറക്കാന്‍ പറ്റാത്ത ഒരു അനുഭവമാണിതെന്ന് മണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.