സൂപ്പര്‍താരം ജയറാമിന്റെ ഇന്നേവരെ കാണാത്ത വ്യത്യസ്തമായ ചിത്രമായിരുന്നു പഞ്ചവര്‍ണ്ണതത്ത. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. വിഷു റിലീസായെത്തിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചുകഴിഞ്ഞു. ചിത്രത്തെ വിജയപ്പിച്ച പ്രേക്ഷകരോടു നന്ദി പറഞ്ഞ് ജയറാമും രംഗത്തെത്തിയിട്ടുണ്ട്.
പരാജയ ചിത്രങ്ങള്‍ ഇടയ്ക്ക് വന്നെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്തപ്പോള്‍ അഭിനന്ദിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് ജയറാം. ചിത്രം സമയത്ത് തന്നെ തിയേറ്ററുകളിലെത്തിച്ച നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജുവിനും ഇത്രയും മികച്ചൊരു കഥാപാത്രത്തെ തനിക്ക് സമ്മാനിച്ച പിഷാരടി എന്ന തന്റെ സഹോദരനും ജയറാം നന്ദി രേഖപ്പെടുത്തി. സഹതാരങ്ങളോടും എല്ലാറ്റിലുമുപരി ഒന്നിച്ച് അഭിനയിച്ച പഞ്ചവര്‍ണ്ണതത്തയോടും മറ്റു മൃഗങ്ങളോടുമുള്ള തന്റെ സ്നേഹം എത്ര പറഞ്ഞാലും മതിയാകില്ലെന്നും ജയറാം. വിഷു റിലീസായി തന്നെ ഒരുപക്ഷേ ഈ ചിത്രം എത്തിയിരുന്നില്ലെങ്കില്‍ മറ്റൊരു സാധാരണ ജയറാം ചിത്രമായി തകര്‍ന്നു പോയേക്കാമായിരുന്നുവെന്നും ജയറാം വ്യക്തമാക്കി.
ജീവിതത്തിലെ രണ്ടു വ്യത്യസ്ത ധ്രവുങ്ങളില്‍ കഴിയുന്ന രണ്ടുപേര്‍ ഒന്നിക്കുന്നതും ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. സീനിയേഴ്സ് എന്ന ചിത്രത്തിനു ശേഷം ജയറാമും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജയറാം വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. തലമുണ്ഡനം ചെയ്ത് അല്പം കുടവയറും, വലിയ ചെവിയുമൊക്കെയായുള്ള ജയറാമിന്റെ പുതിയ രൂപം കൗതുകമുണര്‍ത്തുന്നതാണ്.
അനുശ്രീയാണ് നായിക. സലിം കുമാര്‍, മണിയന്‍പിള്ള രാജു, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അശോകന്‍, ജോജു ജോര്‍ജ്ജ്, കുഞ്ചന്‍, ബാലാജി, സാജന്‍ പള്ളുരുത്തി, നന്ദന്‍, ഉണ്ണി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി സോമനാഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. സപ്തതരംഗ് എന്ന പുതിയ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ചാണ് മണിയന്‍പിള്ള രാജു ഈ ചിത്രം ഒരുക്കിയത്. രമേഷ് പിഷാരടിയും ഹരി.പി നായരും ചേര്‍ന്നാണ് തിരക്കഥ. സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരും. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും.