മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരനായിരുന്നു ഇന്നസെന്റ്. മലയാളി സിനിമാപ്രേക്ഷകര്‍ക്ക് എന്നും സ്‌നേഹവും വാത്സല്യവുമുള്ള നടനായ ഇന്നസെന്റിന്റെ വിയോഗം കേരളക്കരയെ ഏറെ വേദനയിലാഴ്ത്തുകയാണ്. ഞായറാഴ്ച രാത്രി 10 30ഓടെയാണ് അദ്ദേഹം അന്തരിച്ചത്.
കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ആശുപത്രിയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായതിന് പിന്നാലെ മന്ത്രി പി രാജീവാണ് നടന്‍ ഇന്നസെന്റിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
Also Read; വരദയെ ഉപേക്ഷിച്ച് ഇവളെ കെട്ടിയോ എന്ന് ചോദിച്ചു; താൻ നേരിടുന്നത് തുറന്ന് പറഞ്ഞ് ജിഷിൻ
രണ്ടാഴ്ച മുമ്പായിരുന്നു അര്‍ബുദ ബാധയെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ വിയോഗം മലയാളസിനിമാലോകത്തിന് തീരാനഷ്ടമായിരിക്കുകയാണ്. 1972 ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഇതിനോടകം 750ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും തിളങ്ങിയ അദ്ദേഹം ചാലക്കുടി എംപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചു. അതുല്യപ്രതിഭയുടെ വിയോഗത്തില്‍ രാഷ്ട്രീയ സാസംകാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.
ഇന്ന് രാവിലെ 6 30 ന് ശേഷം താരത്തിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും കൊണ്ടുപോകും. രാവിലെ എട്ടുമണി മുതല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും.
മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളിലാണ് താരം കൂടുതലായും തിളങ്ങിയത്. എന്നാല്‍ ഹാസ്യേതര കഥാപാത്രങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന ശരീരഭാഷയും തൃശ്ശൂര്‍ ശൈലിയിലെ സംഭാഷണവുമോക്കെയാണ് ഇന്നസെന്റിന്റെ സവിശേതകള്‍.