കേരളക്കരയുടെ ഹൃദയം കവര്‍ന്ന നടന്മാരില്‍ ഒരാളാണ് ഗിന്നസ് പക്രു. അജയ കുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എങ്കിലും ഗിന്നസ് പക്രു എന്നാണ് നടന്‍ കൂടുതല്‍ അറിയപ്പെടുന്നത്. ശാരീരിക വൈകല്യങ്ങള്‍ ഒന്നും ഒരു കലാകാരനെ വളരാന്‍ തടസ്സമാവില്ലെന്ന് തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം.
ഇന്ന് മലയാളത്തിലും തമിഴിലും ഏറെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ഗിന്നസ് പക്രു. തന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തോട് പൊരുതിയാണ് അദ്ദേഹം ഇന്ന് ഉയരങ്ങളില്‍ എത്തിയത്. ഗിന്നസ് പക്രുവിന്റെ അമ്മ ടെലിഫോണ്‍ ഓഫീസില്‍ കരാര്‍ ജീവനക്കാരിയായിരുന്നു.
അച്ഛന്‍ ഓട്ടോഡ്രൈവറുമായിരുന്നു. സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ അദ്ദേഹത്തിന് ഇന്ന് ആരാധകരേറെയാണ്. അമ്പിളി അമ്മാവന് ആണ് പക്രുവിന്റെ ആദ്യ സിനിമ. എന്നാല്‍ പൃഥ്വിരാജ് നായകനായ അത്ഭുതദ്വീപ് എന്ന സിനിമയിലെ ഗജേന്ദ്രന്‍ എന്ന രാജാവിന്റെ വേഷം പക്രുവിനെ ഏറെ ശ്രദ്ധേയനാക്കി.
പിന്നീട് പല സിനിമകള്‍ ചെയ്തുവെങ്കിലും കുട്ടിയും കോലും എന്ന സിനിമയിലെ മുഴുനീള നായക വേഷത്തിന് പക്രുവിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചു. പക്രു 2006ലാണ് വിവാഹിതനായത്. ഗായത്രി ആണ് പക്രുവിന്റെ ജീവിത പങ്കാളി. ദാമ്പത്യ ജീവിതം രണ്ടു വര്‍ഷത്തിലധികം നീളില്ലെന്നും കുട്ടികള്‍ ഉണ്ടാവില്ലെന്നുമടക്കം വിവാഹത്തിന് ശേഷം ഒരുപാട് വിമര്‍ശനങ്ങള്‍ പക്രു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. മകള്‍ ദീപ്ത കീര്‍ത്തിയ്ക്കും ഭാര്യ ഗായത്രിക്കുമൊപ്പം ഏറെ സന്തോഷത്തോടെ ജീവിക്കുകയാണ് താരം. 15വര്‍ഷത്തിനിപ്പുറം തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള നല്ല നല്ല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹമിപ്പോള്‍.
തന്റെ വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും ഏറെ കഷ്ടപ്പാടുകളും അവഗണനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷെ അതിലൊന്നും തളര്‍ന്നില്ലെന്നും പക്രു പറയുന്നു. തന്റെ കഴിവില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മുന്നോട്ട് പോയെന്നും കുടുംബം ഒപ്പമുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒത്തിരി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെന്നും വിമര്‍ശനങ്ങള്‍ എന്നും തനിക്കു പ്രചോദനമാണ് നല്‍കിയതെന്നും തന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്നത് ഭാര്യയാണെന്നും പക്രു കൂട്ടിച്ചേര്‍ത്തു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശകര്‍ക്കുള്ള അദ്ദേഹത്തിന്റെ മറുപടി.