തമിഴിലെ യുവനടന്മാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ ആര്യ. 1980 ഡിസംബർ 11ന് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ് സീതിരകത്ത് എന്ന ആര്യ 2005ൽ ഉള്ളം കേക്കുമേ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തേയ്ക്ക് എത്തിയത്. അറിന്തും അറിയാമലുമാണ് ആദ്യം റിലീസായ ആര്യയുടെ ചിത്രം.
പിന്നീടങ്ങോട്ട് തമിഴകത്ത് സ്ഥാനം ഉറപ്പിക്കാൻ ആര്യയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. ഇതുവരെ 20ലധികം ചിത്രങ്ങളിലാണ് ആര്യ അഭിനയിച്ചത്. പറ്റിയൽ, നാൻ കടവുൾ, മദ്രാസപ്പട്ടിണം, ബോസ് എങ്കിറ ബാസ്‌കരൻ, സാർപ്പട്ട പരമ്പരൈ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ് ആര്യയെ സിനിമയിലേയ്ക്കായി കണ്ടെത്തുന്നത്.
വിഷ്ണുവർധന്റെ അറിന്തും അറിയാമലും സിനിമയിലൂടെ ആര്യ നടനായി. ഈ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച ന്യൂകമ്മറിനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വളരെ നാളുകൾക്ക് ശേഷം, ഗ്യാപ്പിട്ടാണ് ആര്യ പലപ്പോഴും സിനിമകൾ ചെയ്യുന്നത്. എനിമിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ആര്യയുടെ സിനിമ.
എന്നാൽ നടനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവർ തന്നെ താരത്തിനെതിരെ എത്തിയിട്ടുണ്ട്. അതിന് കാരണമാകുന്നതാകട്ടെ 2018ൽ നടന്ന എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയും. അവിവാഹിതനായിരുന്ന ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഷോ സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പതിനാറോളം വരുന്ന പെൺകുട്ടികളാണ് ഷോയിൽ പങ്കെടുത്തത്.
അതിൽ അവസാന റൗണ്ടിൽ വരുന്ന മൂന്ന് പേരിൽ നിന്ന് ഒരാളെ താൻ തിരഞ്ഞെടുത്ത് വിവാഹം ചെയ്യുമെന്നാണ് ആര്യ ഷോയിൽ പറഞ്ഞിരുന്നത്. എന്നാൽ ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ വന്ന മൂന്ന് പേരിൽ നിന്നും ആരെയും തെരഞ്ഞെടുക്കാൻ ആര്യ തയ്യാറായിരുന്നില്ല. ഇതാണ് നടൻ വിമർശനങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീഴാനിടയാക്കിയ സംഭവവും.
പതിനാറോളം വരുന്ന പെൺകുട്ടികളെ വെച്ച് ഷോ നടത്തി അവരുടെ ഭാവിവെച്ച് കളിച്ചുവെന്ന തരത്തിലാണ് ആര്യയ്‌ക്കെതിരെ സോഷ്യൽമീഡിയകളിൽ പ്രതിഷേധം വന്നത്. മത്സരാർഥികളായി പങ്കെടുത്ത പെൺകുട്ടികളും പിന്നീട് ആര്യ വിഷയത്തിൽ വിഷമം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എങ്ക വീട്ട് മാപ്പിളൈ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ എല്ലാം കെട്ടടങ്ങി തുടങ്ങിയപ്പോഴായിരുന്നു നടി സയേഷയുമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.
ഗജിനികാന്ത് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് സയേഷയും ആര്യയും പ്രണയത്തിലായത്. വൈകാതെ ഇരുവരും ആ വർഷം തന്നെ വിവാഹിതരാവുകയും ചെയ്തു. ഹൈദരാബാദിൽ താരനിബിഢമായാണ് ആര്യ-സയേഷ താര വിവാഹം നടന്നത്. സയേഷയെ ആര്യ വിവാഹം ചെയ്യുമ്പോൾ നടിക്ക് പ്രായം 21 വയസായിരുന്നു. നടന് 38 ഉം.
ഇരുവരുടേയും വിവാഹ സമയത്ത് പതിനാറ് വയസ് പ്രായ വ്യത്യാസം എന്നതും ചർച്ച ചെയ്യപ്പെട്ടിരുന്നു. 16 വയസ് മൂത്തയാളെ വിവാഹം ചെയ്യുന്നത് ബുദ്ധിയാണോ എന്നതടക്കമുള്ള വിമർശനങ്ങൾ സയേഷ നേരിട്ടിരുന്നു. വിവാഹശേഷവും വിമർശനങ്ങൾ കുറച്ചല്ല, താരദമ്പതികൾ നേരിട്ടത്. അതേസമയം, വിവാഹ ശേഷം സയേഷയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അസാധ്യ നർത്തകി കൂടിയാണ് സയേഷ. സൂര്യ അടക്കമുള്ള താരങ്ങളുടെ നായികയായി സയേഷ ചുരുങ്ങിയ കാലയളവിൽ തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഇതുവരേയും കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷക പ്രശംസ നേടിയ ടെഡിയാണ് ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.