മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രി ആണ് സുകുമാരി അമ്മ. ഒമ്പത് ഭാഷകളിലായി ഏകദേശം 2500 സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുകുമാരിയമ്മയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടൻ അനൂപ് മേനോൻ. അമൃത ടിവിയിലെ സമാഗമം പരിപാടിയിലാണ് അനൂപ് മേനോൻ സുകുമാരിയമ്മയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞാൻ സുകുമാരിയമ്മയെ വളരെ അധികം പേടിച്ചാണ് ആദ്യം നോക്കി കാണുന്നത്. ആദ്യം കണ്ടപ്പോൾ പരിചയപ്പെട്ടു. പക്ഷെ അത്രമാത്രം അടുത്തിട്ടില്ലായിരുന്നു. പിന്നീട് ഒരു നാല് സീനൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ വളരെ അധികം അടുക്കുന്നത്. അമ്മ എന്നെ മകനായും ഞാൻ അമ്മയെ അമ്മയായും തന്നെ ആണ് പിന്നീട് അങ്ങോട്ട് മനസ്സിലാക്കിയത്. അമ്മയെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. അതിലൊന്ന് ട്രൈയിനിൽ ബാത്റൂമിന്റെ സൈഡിൽ കിടന്നുറങ്ങിയതാണ്.
ഒരിക്കൽ ചെന്നെയിലേക്ക് പോകുന്നതിനായി ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്മയ്ക്ക് ടിക്കറ്റ് എടുത്ത് കൊടുത്തു. പക്ഷെ ആ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിൽ 35 ലായിരുന്നു കിടന്നിരുന്നത്. ഇത് അമ്മക്ക് അറിയില്ലായിരുന്നു. അമ്മ അയാളെ വിശ്വസിച്ചു. പക്ഷെ കയറിയപ്പോഴാണ് ഇക്കാര്യം അമ്മക്ക് മനസ്സിലാവുന്നത്. അമ്മക്കാണെങ്കിൽ പിറ്റേ ദിവസം ചെന്നൈയിൽ എത്താനുള്ളത് കൊണ്ട് മറ്റൊരാൾ നല്കിയ പുതപ്പുമായി ബാത്റൂമിന്റെ സൈഡിൽ കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്.
ഒരു ചെറിയ വേദന വന്നാൽ ഞാനൊക്കെ പാക്കപ്പ് പറയാറുണ്ട്. പക്ഷെ സുകുമാരി അമ്മ അങ്ങനെ അല്ല. പൊന്മുടിയിലെ ഒരു ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് ഒരു സംഭവമുണ്ടായി. അമ്മയെ ഒരു പയ്യൻ തള്ളി ഇടുന്ന സീനാണ്. ആ സീൻ എടുക്കുന്നത് മുതൽ അമ്മക്ക് അപകടം ഉണ്ടാവും എന്നൊരു തോന്നലായിരുന്നു മനസ്സിൽയ അതു കൊണ്ട് തന്നെ ഞാൻ ക്യാമറയുടെ ബാക്കിൽ പോയി നിന്നു. ആ പയ്യൻ അമ്മയെ തള്ളി. പക്ഷെ അമ്മ വീണു. സ്റ്റെപ്പിന്റെ മുകളിലേക്കാണ് വീണത്. അപ്പോഴെക്കും ഞാൻ പോയി പിടിച്ചു.
എല്ലാവരും പേടിച്ചു. അമ്മ അന്ന് പറയുന്നുണ്ടായിരുന്നു ഇവൻ പിടിച്ചില്ലായിരുനെങ്കിൽ എന്റെ മുഖം ഉൾപ്പടെ പോയേനെ എന്ന്. ആ വീഴ്ചയിൽ അമ്മയുടെ മുട്ടിന്റെ ചിരട്ട തെന്നി. നല്ല വേദനയുണ്ട്. പക്ഷെ പിറ്റേ ദിവസം ഒരു സീനും കൂടി തീരാനുണ്ട്. അമ്മ ആ വേദനയും വെച്ച് രാത്രി ഉറങ്ങാതെ ഇരുന്നിട്ട് പിറ്റേന്ന് രാവിലെ ആ സീൻ കൂടി തീർത്തിട്ട് പോകാം എന്നാണ് പറഞ്ഞതെന്ന് അനൂപ് മേനോൻ കൂട്ടിച്ചേർത്തു.