വിനീത് ശ്രീനിവാസന്റെ ഹിറ്റ് ചിത്രം പ്രണയത്തിന് ശേഷം അതേ ടീമിനൊപ്പം ഒന്നിക്കുന്ന മറ്റൊറു ചിത്രം കൂടി വരികയാണ്. ഹൃദയം സിനിമ കോവിഡ് കഴിഞ്് മന്ദഗതിയിലായിരുന്ന തിയേറ്റർ വ്യവസായത്തെ ഉണർത്തിയ ചിത്രം കൂടിയാണ്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രം യുവാക്കൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
പിന്നാലെ ഈ ജൂലൈയിൽ ആണ് ഇതേ ടീമിന്റെ തന്നെ ‘വർഷങ്ങൾക്ക് ശേഷം’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തത്. നിർമ്മാതാവ് വിശാഖ് സുബ്രമണ്യമാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് ഈ സിനിമയെ കുറിച്ചുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ നിറയെ.
സിനിമയുടെ പോസ്റ്ററിൽ അഭിനേതാക്കളെയും സംവിധായകനെയും അവതരിപ്പിച്ചതല്ലാതെ എന്നാകും ഷൂട്ടിംഗ് തുടങ്ങുക എന്നതിനെ കുറിച്ചൊന്നും അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
‘വർഷങ്ങൾക്ക് ശേഷം’ സിനിമാ ഷൂട്ടിംഗ് ഓക്ടോബർ 26ന് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ധ്യാൻ ശ്രീനിവാസൻ ആണ് ഇക്കാര്യം അറിയിച്ചിത്. എറണാകുളത്ത് വച്ചാകും ചിത്രീകരണത്തിന് തുടക്കമാവുക എന്നും ധ്യാൻ പറയുകയാണ്. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ വെളിപ്പെടുത്തൽ.
തനിക്ക് ചിത്രത്തിന്റെ ഏകദേശ ഐഡിയ മാത്രമെ ഉള്ളൂ. കഥ ആറ് ഏഴ് മാസം മുന്നെ അറിയാം. തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റീ യൂണിയൻ ആണ് ആ സിനിമ. വളരെ പേഴ്‌സണലും ആണ്. സക്‌സസിനെ കുറിച്ചല്ലാതെ വേറൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും ധ്യാൻ പറയുന്നു.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ പ്രണവിനും ധ്യാനിനും ഒപ്പം അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുക. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിർമിക്കുന്നത്.
വിനീത് ശ്രീനിവാസനും അഭിനയിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ആറാമത്തെ സംവിധാന ചിത്രം കൂടിയാണ്. 2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.