അങ്ങനെ വലിയൊരു ഇടവേളക്കുശേഷം മലയാളികളുടെ പ്രിയതാരം ജയറാം വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ‘ഓസ്‌ലർ’ എന്ന ചിത്രത്തിലൂടെയാണ് ജയറാം തിരിച്ചുവന്നത്. സിനിമയിൽ മമ്മൂട്ടി കൂടി ഭാഗമായതോടെ ചിത്രം ഹിറ്റ് ആവുകയായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മമ്മൂട്ടിക്ക് മുൻപ് ഈ വേഷം ചെയ്യാൻ പരിഗണിച്ചത് ആരെയൊക്കെ ആണെന്ന് തുറന്നു പറയുകയാണ് ജയറാം.
‘അലക്‌സാണ്ടർ എന്ന മമ്മൂക്ക കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യം വന്നപ്പോൾ സത്യരാജ്, ശരത് കുമാർ, പ്രകാശ് രാജ് ഉൾപ്പടെ ഉള്ളവരുടെ പേരുകൾ ഉയർന്ന് വന്നു. കന്നഡ, തെലുങ്ക് തുടങ്ങിയ ഇൻഡസ്ട്രിയിലുള്ളവരുടെ പേരുകളും വന്നു. സത്യരാജിനോട് ഓസ്‌ലറിന്റെ കഥ പറഞ്ഞതാണ്. അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ഇരിക്കെയാണ് വളരെ യാദൃശ്ചികമായിട്ട് മമ്മൂക്കയെ കാണാൻ വേണ്ടി മിഥുൻ പോകുന്നത്.
ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണ് എന്ന് മമ്മൂക്ക ചോദിച്ചു. അദ്ദേഹം എല്ലാം ചോദിക്കുമല്ലോ. ഇവിടെ എന്നല്ല ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം ചോദിച്ച് മനസിലാക്കും. കഥ പറഞ്ഞപ്പോൾ പുള്ളിക്ക് ഇൻട്രസ്റ്റിംഗ് ആയി തോന്നി. ആ കഥാപാത്രം ഞാൻ ചെയ്യട്ടെ എന്ന് ചോദിച്ചു. മിഥുൻ പറഞ്ഞു അയ്യോ വേണ്ട വേണ്ട നിങ്ങളത് ചെയ്താൽ വലിയ ഭാരമാവും വേണ്ടെന്ന് പറഞ്ഞു. ഞാൻ ചോദിച്ചതേ ഉള്ളൂ. ഞാൻ ചെയ്യണേൽ ചെയ്യാം കേട്ടോ എന്നും മമ്മൂക്ക പറഞ്ഞു. ഞാൻ ടൈറ്റിൽ വേഷത്തിൽ അഭിനയിക്കുന്നു, അതിൽ മമ്മൂക്ക വന്ന് അഭിനയിക്കാം എന്ന് അദ്ദേഹം പറയുന്നില്ലേ. ഒരുപക്ഷേ എനിക്ക് വേണ്ടി മാത്രമാകും അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി പോയി ചോദിക്കുമോന്ന് മിഥുനോട് ചോദിച്ചു. അങ്ങനെ മിഥുൻ രണ്ടാമത് പോയി ചോദിക്കുകയും ഞാൻ വന്ന് ചെയ്യാം എന്ന് മമ്മൂക്ക പറയുകയും ആയിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്’, എന്നാണ് ജയറാം പറഞ്ഞത്.