സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് തുടരാനാവില്ലെന്ന് വ്യക്തമാക്കി ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവ് ഇൻ റിലേഷൻഷിപ്പിന്റെ പേരിൽ ഒരുകാലത്ത് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്ന താരമാണ് അഭയ. അതേസമയം, നീണ്ട പത്തു വർഷത്തെ ബന്ധം പിരിഞ്ഞതിനു ശേഷവും അഭയക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു.
ഗായിക അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ ബന്ധം ചർച്ചയായതോടെയാണ് വീണ്ടും അഭയ ഹിരൺമയി വാർത്തകളിൽ നിറഞ്ഞത്. പുതിയ ബന്ധത്തെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായവും ചോദിച്ചവരും ഉണ്ട്. അതേസമയം, വിമർശനങ്ങൾ വകവെയ്ക്കാതെ അഭയ തന്റെ കാര്യങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. ഇപ്പോൾ ഗായികയുടെ പുതിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറലാകുന്നത്.
അഭയ ഹിരൺമയിയുടെ വാക്കുകൾ;
ചെറുപ്പം മുതലേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് താൻ വളർന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങൾക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാൻ തനിക്കാവില്ല. തന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് ജീവിതം എന്നാണ് തോന്നിയിട്ടുള്ളത്.
സങ്കടങ്ങൾ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങൾ ആസ്വദിക്കാനാകുന്നത്. നല്ല ഓർമകൾ, ചെറിയ നേട്ടങ്ങൾ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല. ഇപ്പോഴാണ് താൻ സ്വയം സ്‌നേഹിക്കാൻ പഠിച്ചത്. സ്‌നേഹം പകുത്തുകൊടുക്കുന്നതിൽ താൻ എപ്പോഴും കൺഫ്യൂസ്ഡ് ആയിരുന്നു.
താൻ ആർക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതൽ സ്‌നേഹിക്കേണ്ടത് എന്ന് ചില സമയത്ത് മറന്നു പോയിട്ടുണ്ട്. താൻ എപ്പോഴും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്‌നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു.