ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൽ ഗംഭീര പ്രതികരണങ്ങൾ സ്വന്തമാക്കിയിരുന്നു. ഉടൽ എന്ന സിനിമ തീയ്യേറ്ററുകളിലേക്ക് എത്തിയത് മുതൽ ചിത്രത്തിലെ ചില രംഗങ്ങൾ മാത്രമാണ് ചർച്ചയായത്. സിനിമ പുറത്തിറങ്ങിയതോടെ സിനിമയിലെ ദുർഗയുടെ കഥാപാത്രത്തെയാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത്.
റിലീസിന് അനുബന്ധിച്ച് ദുർഗ്ഗ കൃഷ്ണയും സംവിധായകൻ രതീഷ് രഘുനന്ദനും തിരക്കഥാകൃത്തും ചേർന്ന് നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. സിനിമയിലെ ഒരു ഇന്റിമേറ്റ് രംഗം അഭിനയിച്ചതിന്റെ പേരിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ വിമർശനങ്ങൾക്ക് ദുർഗ്ഗ മറുപടിയും നൽകിയിട്ടുണ്ട്.
ഞാൻ വായുവിലേക്ക് നോക്കിയായിരുന്നില്ല ഉമ്മ നൽകിയത്. എന്റെ ഓപ്പോസിറ്റ് ഒരു നടൻ ഉണ്ടായിരുന്നു. വിമർശനങ്ങൾ വരുമ്പോൾ അത് എനിക്കു നേർക്കാകുകയും ഞാനും എന്റെ കുടുംബക്കാരും മോശക്കാരാകുകയും ചെയ്യുമ്പോൾ എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തി ഹീറോ ആയി മാറുകയാണ് എന്നായിരുന്നു ദുർഗ്ഗ പറഞ്ഞത്.
ഉടൽ സിനിമയ്ക്ക് ശേഷം ദുർഗ നായികയായി എത്തുന്നത് ഒരു ക്ലാസിക്കൽ സിനിമയിലാണ്. എംടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിൽ നബീസ എന്ന നായിക കഥാപാത്രത്തെയാണ് ദുർഗ കൃഷ്ണ അവതരിപ്പിക്കുന്നത്. മോഹൻലാലാണ് നായകൻ.
സന്തോഷ് ശിവൻ ക്യാമറ ചെയ്യുന്ന ചിത്രം, എംടി വാസുദേവൻനായരുടെ കഥ, ലാലേട്ടന്റെ നായിക, സംവിധാനം ചെയ്യുന്നത് പ്രിയദർശൻ തുടങ്ങി ഒട്ടനവധി സന്തോഷങ്ങൾ ഓളവും തീരവും തനിക്ക് തരുന്നുണ്ടെന്ന് ദുർഗ കൃഷ്ണ പറയുന്നു.
നല്ല കഥാപാത്രമാണ് ലഭിക്കുന്നതെങ്കിൽ ആ കഥാപാത്രത്തിനോട് താൻ നൂറ് ശതമാനം നീതിപുലർത്തുമെന്നും കലാകാരി എന്ന നിലയിൽ തന്റെ കർത്തവ്യമാണെന്ന് അതെന്നും ദുർഗ കൃഷ്ണ പറയുന്നു. ഏറെ കഷ്ടപ്പെട്ട് ചെയ്ത ഉടൽ സിനിമയിൽ തന്റെ ചില സീനുകൾ മാത്രം ചർച്ചയായത് അതിശയിപ്പിച്ചെന്നാണ് നടിയുടെ പരാമർശം.
ചിത്രത്തിലെ ഷൈനി എന്ന കഥാപാത്രമാണ് ആ സിനിമയിലെ ഫൈറ്റും ചുംബന സീനും എല്ലാം ചെയ്തതെന്നും ദുർഗ കൃഷ്ണ അല്ലെന്നുമാണ് താരം തുറന്നടിക്കുന്നത്. ഒരുപാട് ക്രൂരതയുള്ള കഥാപാത്രമായിരുന്നു ഉടലിലേത്. പക്ഷെ അത് ഷൈനിയാണ് ദുർഗയല്ല. യഥാർത്ഥ ജീവിതത്തിൽ ഒരു മുത്തശ്ശിയോട് ക്രൂരത കാണിക്കാൻ ദുർഗയ്ക്ക് കഴിയില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു.
‘അത് പോലെ തന്നെ ഉമ്മ വെച്ചതും കെട്ടിപിടിച്ചതുമൊന്നും ദുർഗയല്ല, ഷൈനിയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീൻ ഒക്കെ ചെയ്തത്. ചില സീനുകളിൽ പരിക്കുകളും പറ്റിയിട്ടുണ്ട്. പക്ഷെ എന്നെ അതിശയിപ്പിച്ച കാര്യം ആ സീനുകൾ എവിടെയും പരാമർശിച്ചു കണ്ടില്ല’
‘ഫൈറ്റോ മറ്റ് വൈകാരിക രംഗങ്ങളോ ആരും എടുത്ത് പറഞ്ഞില്ല. സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രംഗങ്ങൾ മാത്രമാണ്. അത് മാത്രമാണ് അവർ കാണുന്നുള്ളൂ. കാരണം അവർക്ക് വേണ്ടത് മാത്രമാണ് അവർ കാണുന്നത്,’- താരം വിമർശിച്ചു.
യഥാർത്ഥ ജീവിതത്തിലെ ദുർഗ ദുർഗ മാത്രമാണ് ഷൈനി അല്ല. ആളുകൾ പക്ഷെ ഈ വ്യത്യാസം മനസ്സിലാക്കുന്നില്ല. എല്ലാം ചെയ്യുന്നത് ദുർഗയാണ് എന്ന ഭാവമാണ്. ആ സീനുകളിൽ ഞാൻ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ആവർത്തിക്കുന്നുവെന്നും തന്നെ മാത്രം എന്തിനാണ് വിമർശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു.