ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തി. വികെപിയുടെ സംവിധാനത്തിൽ 10 വർഷത്തിന് ശേഷമായിരുന്നു നവ്യ നായർ സിനിമയിൽ മടങ്ങി എത്തിയത്.
പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ രാധമാണിയായി നവ്യ ജീവിക്കുകയായിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 10 വർഷം മുൻപ് കണ്ട നവ്യയെ ആയിരുന്നില്ല സിനിമയിലും ഓഫ് സ്‌ക്രീനിലും കണ്ടത്.
പ്രേക്ഷകർ എപ്പോഴും ഇരു കൈകളും നീട്ടിയാണ് നവ്യയുടെ കഥാപാത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. തുടക്കകാലത്ത് അധികം പരാജയങ്ങളും നവ്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തന്നിൽ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും അതിന്റേതായ രീതിയിൽ വൃത്തിയായി ചെയ്യാൻ നടി ശ്രമിക്കാറുണ്ട്.
ഒരുത്തിയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ പ്രേക്ഷരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത് നവ്യയുടെ നിലപാടുകളാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. വ്യക്തികളുടെ സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അത് വ്യക്തികൾ നേടിയെടുക്കേണ്ടതാണെന്നും നവ്യ നായർ അടുത്തിടെ മനോരമ ന്യൂസ് കോൺക്ലേവ് 2022ൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
എല്ലാവർക്കും മാറ്റങ്ങൾ വരുന്നത് ഇഷ്ടമാണ്. പക്ഷേ ആർക്കും വിപ്ലവകാരിയാകാൻ ഇഷ്ടമല്ല. വിപ്ലവകാരി നമ്മുടെ വീട്ടിൽ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാൾ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത് എന്നാണ് നവ്യ നായർ പറഞ്ഞത്.
അതേസമയം, സ്‌കൂൾ കാലഘട്ടത്തിൽ സ്‌കൂൾ കലോത്സവ വേദിയിലെ മിന്നും താരമായിരുന്നു നവ്യ നായർ. എന്നാൽ കലോത്സവത്തിൽ ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ കലാതിലക പട്ടം നഷ്ടമായതോടെ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന നവ്യയുടെ വീഡിയോ ഇപ്പോഴും വൈറലാണ്. അന്ന് നവ്യയ്ക്കൊപ്പം കട്ടയ്ക്ക് മത്സരിച്ചിരുന്ന നടി അമ്പിളി ദേവിയാണ് കലാതിലകമായത്.
കുട്ടിക്കാലം തൊട്ട് അഭിനയിക്കുന്ന അമ്പിളിക്ക് സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അർഹതയുണ്ടെന്നുമൊക്കെ മത്സരത്തിന് ശേഷം താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് പറയുന്നത്. ഈ വീഡിയോ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.
പിന്നീട് നവ്യയും അമ്പിളിയും സിനിമയിൽ നായികമാരായി തന്നെ അരങ്ങേറി എങ്കിലും പിന്നീട് അമ്പിശി സീരിയലുകളിലേക്ക് കൂടുമാറിയിരുന്നു. സിനിമയിൽ വലിയ വിജയം കൊയ്യാനും അമ്പിളി ദേവിക്ക് ആയില്ല. എന്നാൽ നവ്യ നായർ സിനിമയിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോൾ വീണ്ടും സ്‌കൂൾ കലോത്സവത്തിൽ കരയുന്ന വൈറൽ വീഡിയോയെ പറ്റി നവ്യ നായർതന്നെ സംസാരിച്ചിരിക്കുകയാണ്.
ആർഎൽവി കോളജിൽ ഭരതനാട്യം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു നവ്യ. ‘സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ കരയുന്ന വീഡിയോ എല്ലാവരും കണ്ടുകാണും. ഇപ്പോഴും പലരും ആ വീഡിയോ ഇടയ്ക്കിടെ എനിക്ക് ഫോർവേഡ് ചെയ്ത് തരും. അപ്പോഴെല്ലാം അത് തുറന്ന് ഒരു വട്ടമെങ്കിലും ഞാൻ കാണും. ആ അവസ്ഥയിൽ നിന്ന് ഭഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലേയെന്നാണ് അപ്പോൾ ഞാൻ ചിന്തിക്കാറുള്ളത്’-നവ്യാ നായർ പറയുന്നു.