കുറച്ചുസിനിമകളിൽ മാത്രമെ ഭാഗമായിട്ടുള്ളൂ എങ്കിലും സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ആരാധകരുടെ മനസിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ഗോകുലിന് കഴിഞ്ഞിട്ടുണ്ട്. അച്ഛനെ പോലെ തന്നെ മകനും തഗ് മറുപടി നൽകാനും സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയാനും മടി കാണിക്കാറില്ല.
ജോഷി ചിത്രമായ പാപ്പനിൽ അച്ഛൻ സുരേഷ് ഗോപിക്ക് ഒപ്പം സ്‌ക്രീൻ പങ്കുവെച്ചിരിക്കുകയാണ് ഗോകുലിപ്പോൾ. തിയറ്ററുകളിൽ മികച്ച വിജയമായി മാറിക്കൊണ്ടിരിക്കുന്ന പാപ്പാൻ ചിത്രത്തിന്റെ പ്രത്യേകത തന്നെ ഈ അച്ഛനും മകനും കോമ്പോയാണ്.
ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് സുരേഷ് ഗോപിയുടെ ഒരു ചിത്രം പങ്കുവെച്ച് അധിക്ഷേപിക്കുന്ന ഒരു ട്രോൾ പുറത്തെത്തിയിരുന്നു. ഇതിന് ഗോകുൽ വായടപ്പിക്കുന്ന മറുപടിയും നൽകിയിരുന്നു. അന്ന് തഗ് എന്ന് പറഞ്ഞ ആ ട്രോളും മറുപടിയും ഒരിക്കലും തന്റെ തഗ് അല്ലായിരുന്നു എന്നും വേദനയോടെയാണ് മറുപടി നൽകിയതെന്നും ഗോകുൽ പറയുകയാണ്.
മുൻപ് സുരേഷ് ഗോപിയുടെ ചിത്രവും അരികിൽ സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വെച്ചാണ് ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന ട്രോൾ ഇറങ്ങിയത്. ഈ കുറിപ്പിന് താഴെ അപ്രതീക്ഷിതമായാണ് ഗോകുൽ തന്നെ മറുപടിയുമായി എത്തിയത്. സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ട്രോളിന് അന്ന് ഗോകുലിന്റെ മറുപടി ‘ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,’ എന്നായിരുന്നു. അന്ന് നിരവധി പേരാണ് ഗോകുലിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. അന്ന് തന്റെ മാനസികാവസ്ഥ നീറുന്നത് ആയിരുന്നെന്നും അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ വേദനയുണ്ടാക്കുന്നുവെന്നുമാണ് താരപുത്രൻ പറയുന്നത്.
അത് തഗ് ലൈഫ് മോഡിൽ പറഞ്ഞ മറുപടി അല്ലെന്നും വളരെ വേദനയോടെയാണ് ആ കമന്റ് ചെയ്തത് എന്നും ഗോകുൽ പ്രതികരിക്കുന്നു. ‘എന്റെ അച്ഛൻ അഴിമതിക്കാരനാണെങ്കിൽ ഈ കാണുന്ന ട്രോളിനൊന്നും ഞാൻ റിയാക്റ്റ് ചെയ്യില്ലായിരുന്നു. അച്ഛൻ സമ്പാദിക്കുന്നതിൽ നിന്നും പലർക്കും കൊടുക്കുന്നുണ്ട്. അതിലൊരു ന്യായമുണ്ട്. ആ ന്യായം വിട്ടിട്ടാണ് പലരും സംസാരിക്കുന്നത്.’- ഗോകുൽ വേദന പങ്കുവെയ്ക്കുന്നു.
‘എന്റെ ചെറിയ പ്രായത്തിൽ തന്നെ ആൾക്കാരോട് ഇരുന്ന് തർക്കിക്കുമായിരുന്നു. അച്ഛന്റെ പ്രവർത്തികളൊക്കെ എക്സ്പ്ലെയ്ൻ ചെയ്യുമായിരുന്നു. അങ്ങനെ ഒരു വയനാട്ടുകാരനുമായി സംസാരിക്കുമ്പോൾ ഒടുവിൽ അയാൾ ചോദിച്ചത് എന്റെയടുത്ത് തള്ളുവാണോയെന്നാണ്. അതുമെനിക്ക് ഭയങ്കരമായി കൊണ്ടു.’- എന്നും ഗോകുൽ പറയുന്നു.
‘എന്റെ അച്ഛൻ വ്യക്തിപരമായോ രാഷ്ട്രീയ പരമായോ ആരെയും വേദനിപ്പിക്കുന്നതോ ദ്രോഹിക്കുന്നതോ ഞാൻ കണ്ടിട്ടില്ല, ചില സാഹചര്യങ്ങളായിൽ അന്യായമായി എന്റെ വീട്ടുകാരെയും സഹോദരിമാരെയും ചിത്രങ്ങൾ സഹിതം വെച്ച് അനാവശ്യമായി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ന ആളാണ് ഞാൻ എന്നത് മറന്ന് പ്രവർത്തിക്കുന്ന ആറ്റിറ്റിയൂഡാണ് എന്റേത്. അതാണ് എനിക്ക് ഇഷ്ടം. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അത്രയും നാൾ സഹിച്ചിരുന്നതിന്റെ അമർഷമാണ് അന്ന് ആ ഫോട്ടോയ്ക്ക് വന്ന കമന്റിൽ കണ്ടത്. ഒട്ടുമൊരു തഗ്ലൈഫ് മോഡിലല്ല ഞാൻ ആ കമന്റ് ചെയ്തത്. ഭയങ്കര വേദനയോടെയാണ് ചെയ്തത്.’- ഗോകുൽ വ്യക്തമാക്കി,
‘ഏകദേശം രാത്രി ഒരു 12:30 നാണ് ഞാൻ ആ ട്രോൾ കണ്ടത്. വെളുപ്പിനെ 4:30 വരെ ആ ഫോണും കയ്യിൽ പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടിൽ പോയി പുള്ളിയെ ഇ ടി ക്കണമായിരുന്നു. അതാണ് എന്റെ മനസിൽ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാൻ പറ്റില്ല,’- അങ്ങനെ ആ അമർഷം ഒരു കമന്റിൽ കൂടി തീർത്തുവെന്നും ഗോകുൽ പറയുന്നു.