അസീസ് നെടുമങ്ങാട് മിമിക്രി കലാരംഗത്ത് ഓളം സൃഷ്ടിച്ച താരമാണ്. ഇതിന് പുറമെ സിനിമയിലും നടൻ നിറഞ്ഞുനിൽക്കുന്നുണ്ട്. നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ അസീസിന്റെ രംഗം സൃഷ്ടിച്ച ചിരിമേളം ചെറുതായിരുന്നില്ല. തീയ്യേറ്ററുകളിൽ വൻ കരാഘോഷം ലഭിച്ച രംഗങ്ങൾ കൂടിയായിരുന്നു. ഇതിനെല്ലാം പുറമെ, നടൻ കോമഡി സ്റ്റാർസ് മുതൽ സ്റ്റാർ മാജിക് വരെ നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് പരിപാടിയ്ക്ക് എത്താൻ വൈകിയതിന് അസീസിനും ടീമിനും മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് വൻ ചർച്ചയായിരുന്നു. അന്ന് നടന്നതിലെ സത്യാവസ്ഥ എന്തെന്ന് നടൻ ഇപ്പോൾ വെളിപ്പെടുത്തുകയാണ്. പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അസീസിന്റെ വെളിപ്പെടുത്തൽ. വെള്ളറടയിലെ അടിയിൽ നടന്നത് എന്താണെന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ നൽകിയ മറുപടി വായിക്കാം.
നടന്നത് അത്രയും പറയാം, പക്ഷേ ബാക്കിയൊന്നും ഓർമ്മയില്ല. ദുബായിൽ സുരാജേട്ടന്റെ പരിപാടി കഴിഞ്ഞ് വരികയായിരുന്നു. അൽപ്പം വൈകിപ്പോയി. എയർപോർട്ടിൽ നിന്നും ഇറങ്ങാൻ വൈകി. അവർ രണ്ട് മൂന്ന് മാസം കൊണ്ട് അമ്പല പരിപാടി നടത്താൻ വേണ്ടി കഷ്ടപ്പെടുന്ന ടീമായിരുന്നു. ഒമ്പത് മണിയുടെ പരിപാടിക്ക് ഞങ്ങൾ എത്തിയത് 11 മണി ആകാറായപ്പോൾ. ഗ്രീൻ റൂമിൽ കയറിയത് മാത്രം ഓർമ്മയുണ്ട്.
അത് മടലാണോ കൈ ആണോ എന്നറിയില്ല. തലയ്ക്ക് ഒരു അടി വീണു. പിന്നെ ഒന്നും ഓർമ്മയില്ല. കിളിയൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. അത് തന്നെ. എനിക്ക് ബോധം വരുമ്പോൾ പരിപാടിയുടെ ഇടവേള എത്തി. എന്നെ കൊണ്ട് അവർ സ്‌കിറ്റ് കളിപ്പിക്കുകയും ചെയ്തു. അവരുടെ നാട്ടിൽ ആണ് നിൽക്കുന്നതും, എനിക്ക് അടികിട്ടയതിന് ശേഷം ആകെ ഒരു മത്ത് പോലെയായിരുന്നു.
പക്ഷെ ജനം ചിരിച്ചുവെന്നാണ് പറയുന്നത്. ചെയ്ത് ശീലമായത് കൊണ്ട് പെട്ടെന്ന് ഓർമ്മ വരുമല്ലോ അത് വച്ച് കളിച്ചതാണ്. പക്ഷേ ഞങ്ങളുടെ ടീം ആരും പൈസ വാങ്ങിയില്ല. പിന്നെ കേസ് കൊടുത്തു. ശേഷം അത് ഭയങ്കര പ്രശ്നമായി മാറി.
ഒടുവിൽ മമ്മൂക്ക വരെ ഇടപെട്ട് ഒത്തു തീർപ്പാക്കി. അതിന് ശേഷവും അവിടെ പരിപാടിയ്ക്ക് പോയി. കൃത്യസമയത്ത് തന്നെ എത്തി. തല്ലിയത് ബിപിൻ എന്നൊരു പയ്യനാണ്. അവൻ നാട്ടിൽ ഇപ്പോൾ ഭയങ്കര ഫെയ്മസാണ്. ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. വരും കാണും പോകും.