മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർ മേനോൻ 1000 കോടി രൂപ മുതൽ മുടക്കിൽ പ്രഖ്യാപിച്ച മഹാഭാരതം അനിശ്ചിതത്വത്തിൽ ആകുമെന്ന് ഉറപ്പായി. അതേ സമയം 500 കോടി രൂപ മുതൽ മുടക്കിൽ രാമായണം വെള്ളിത്തിരയിലേക്ക് എത്തുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ത്രി ഡൈമൻഷൻ (3ഡി) സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാമായണം ഉടൻ എത്തുമെന്ന് റിപ്പോർട്ട്.
ദംഗലിന്റെ സംവിധായകൻ നിതേഷ് തിവാരി, തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മൽഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകൻ രവി ഉദയ്വാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. രാമായണത്തിനോട് പൂർണമായും നീതി പുലർത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും 2021 ൽ ചിത്രം പുറത്തിറങ്ങുമെന്നും നിതേഷ് തിവാരി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു