2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി ഷംന കാസിം. ഒരു അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം.
ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.
മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് എന്നിട്ടും,ഡിസംബർ, പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ ‘ശ്രീ മഹാലക്ഷ്മി’യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.
മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട് എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി. പിന്നീട് ജോഷ് എന്ന സിനിമയിലൂടെ കന്നടയിലും എത്തി. മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിലാണ്.
മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡാൻസ് പഠിച്ചു തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടേയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞുപപക്ഷേ, അവർക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല.
കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാൻ. ഓർമ വച്ച നാൾ മുതൽ എല്ലാ നോമ്പ് എടുത്തിട്ടുണ്ട്. നോമ്പു കാലമായാൽ മറ്റൊരു ഷംനയാണ്. ഫുൾ ടൈം സ്പിരിച്വൽ ലോകത്താണ്. ഇതൊന്നും അറിയാതെ വിമർശിക്കുന്നവരോട് എനിക്ക് മറുപടിയില്ല.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമാണ് ഷംന. ‘കണ്ണാംമൂച്ചി’ എന്ന വെബ് സീരിസിലും ഷംന അഭിനയിക്കുന്നുണ്ട്. ‘തലൈവി’യാണ് താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. ജയലളിതയുടെ ബയോപിക് ആയി ഒരുക്കുന്ന ചിത്രത്തിൽ ശശികല ആയാണ് ഷംന എത്തുന്നത്.
സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തുടർച്ചയായ നാലു വർഷം കണ്ണൂർ ജില്ലാ കലാതിലകം ആയിരുന്നു. 2003 ൽ ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ഷംന കാസിമിന്റെ പ്രാഥമിക വിദ്യാഭ്യാസം.