ഓണത്തിന് കേരളത്തിന്റെ ബോക്സ്ഓഫീസ് അങ്കം കടുക്കും. നാലു താരചിത്രങ്ങളാണ് പ്രധാനമായും നേർക്കുനേർ ഏറ്റുമുട്ടാനെത്തുന്നത്. മറ്റുള്ളവ അവസാനഘട്ട മിനുക്കുപണിയിൽ. മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൃഥ്വിചിത്രം ബ്രദേഴ്സ് ഡേ, നിവിൻപോളി, -നയൻതാര ടീമിന്റെ ലൗ ആക്ഷൻ ഡ്രാമ, രജിഷവിജയന്റെ ഫൈനൽസ് എന്നിവ ഓണം റിലീസ് ഉറപ്പിച്ചു.
വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശന്റേയും ശോഭയുടേയും പുതിയകാല അവതാരമായി കരുതപ്പെടുന്ന ലൗ ആക്ഷൻ ഡ്രാമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ ആദ്യവാരം റിലീസ് ചെയ്യും.
ബോക്സ് ഓഫീസ് കണക്കുകൾ തകർത്ത ലൂസിഫറിനുശേഷം വരുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണി സംവിധാനം ചെയ്യുന്നത് പുതുമുഖങ്ങളായ ജിബുവും ജോജുവുമാണ്. മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചൈനയിലും ചിത്രീകരിച്ചു. മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സിനിമ സെപ്തംബർ അഞ്ചിനോ ആറിനോ റിലീസ് ചെയ്യാനാണ് സാധ്യത.
ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് നായകവേഷത്തിലേക്ക് തിരിച്ചെത്തുന്ന ബ്രദേഴ്ഡേയും ഓണത്തിനു തൊട്ടുമുന്നോടിയായി റിലീസ് ചെയ്യും. മിമിക്രിവേദികളിലൂടെ സിനിമയിലെത്തി സ്വഭാവവേഷങ്ങളിലൂടെ പ്രതിഭ തെളിയിച്ച കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ ജോർജ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അഭിനയിക്കുന്നു. വില്ലനായി തമിഴിൽനിന്നും യുവതാരം പ്രസന്ന എത്തുന്നു.
രജിഷ വിജയൻ പ്രധാനവേഷത്തിൽ എത്തുന്ന സ്പോർട്സ് ചിത്രം ഫൈനൽസും ഓണം ലക്ഷ്യമാക്കി ഒരുങ്ങുന്നു.തെന്നിന്ത്യൻ പ്രേക്ഷകർ വർഷങ്ങളായി കാത്തിക്കുന്ന ധനുഷ്,-ഗൗതംവാസുദേവ് മേനോൻ ചിത്രം എന്നെ നോക്കി പായും തോട്ട കേരളത്തിൽ ഓണത്തിനെത്തും. ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന സഹോയും കേരള ബോക്സ് ഓഫീസിൽ പ്രതീക്ഷ അർപ്പിക്കുന്നു.