തെന്നിന്ത്യൻ സിനിമയലിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടി അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിച്ച അഭിരാമി വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും തിരിച്ചു വന്നിരുന്നു. ജോഷി സംവിധാനം ചെയ്ത പത്രം എന്ന സുരേഷ് ഗോപി മഞ്ജു വാര്യർ സിനിമയിലൂടെ ആണ് അഭിരാമി അഭിനയ രംഗത്ത് എത്തിയത്.
രാജസേനന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ജയറാമിന്റെ ഭാര്യയായ ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയാണ് അഭിരാമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം ഒരു ടെലിവിഷൻ അവതാരകയായിട്ടാണ് അഭിരാമി ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയാണ് തുടക്കത്തിൽ അഭിരാമി അവതരിപ്പിച്ചത്.
അന്ന് ചാനലുകൾ വളരെ കുറവ് ആയിരുന്നതിനാൽ ടോപ്പ് ടെൻ എന്ന പരിപാടിയും അവതാരിക അഭിരാമിയും ഹിറ്റായി മാറിയിരുന്നു. താരത്തിന്റെ അമ്മയാണ് അഭിരാമിയുടെ വിവരങ്ങൾ ഏഷ്യാനെറ്റിലേക്ക് അയച്ച് കൊടുത്ത് അഭിരാമിയെ ഓഡീഷന് കൊണ്ടുപോയത്. അഭിരാമിയുടെ അവതരണം ഇഷ്ടപ്പെട്ടിട്ടാണ് 1999 ൽ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നത്.
ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ ചെറിയ വേഷമാണ് അഭിരാമി അവതരിപ്പിച്ചത്. പിന്നീട് മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അതേ സമയം ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം സിനിമയ്ക്ക് അന്നും ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്. മാത്രമല്ല വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗീതുവായി അഭിരാമി അഭിനയിച്ചത്.
മലയാളത്തിലെ സൂപ്പർ നടന്മാരായ മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോടൊപ്പമെല്ലാം അഭിരാമി അഭിനയിച്ചിട്ട് ഉണ്ട്. മലയാളത്തിന് പിന്നാലെ തമിഴിലും അഭിരാമി തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. പ്രഭു, ശരത് കുമാർ, അർജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയും തമിഴിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു.
തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമയായ വീരുമാണ്ടിയിൽ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. ചലച്ചിത്രജീവിതം തുടങ്ങുന്നതിന് മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്. അതേ സമയം അഭിരാമി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അടുത്തിടെ തമിഴിൽ 36 വയതിനിലേ എന്ന തമിഴ് സിനിമ ചെയ്തത്.
ഇപ്പോഴിതാ നടൻ ജഗതി ശ്രീകുമാറിന് ഒപ്പം താൻ നേരത്തെ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ പറ്റി തുറന്ന് പറയുകയാണ് അഭിരാമി. അദ്ദേഹം തന്റെ അച്ഛന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു. ആ ഒരു ബന്ധം ഉണ്ടായിരുന്നു. ജഗതിയുടെ കൂടെ അഭിനയിക്കുന്നത് വളരെ റിസ്‌കാണ്.
സജഷൻ ഷോട്ട് വെച്ചാൽ നമ്മൾ ഗൗരവമായി അഭിനയിക്കുകയായിരിക്കും. അദ്ദേഹം അഭിനയത്തിൽ പല എക്‌സ്പ്രഷനുകളും ഇടും. അത് തന്നെ ചിരിപ്പിക്കുമെന്നും അഭിരാമി പറഞ്ഞു. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ആളാണ് താൻ. 15 വയസ്സിലാണ് മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്.
എല്ലാ ഭാഷയിലും മികച്ച ആളുകളോടൊപ്പം പ്രവർത്തിക്കാൻ പറ്റി. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞു. അഭിനയത്തിൽ സമയ ക്രമീകരണവും ശരീര ഭാഷയും വിശ്വസനീയതയും എല്ലാം ശരിയായിരിക്കണം. പല കോമഡി താരങ്ങളുടെയും ഉള്ളിൽ ഒരു ദുഖമുണ്ടാവും. ആ ദുഖത്തിൽ നിന്ന് വരുന്ന കോമഡിയാണ് ഞാൻ ശരിക്കും ആസ്വദിക്കുന്നത്. തമിഴിൽ വിവേക് തനിക്കേറ്റവും ഇഷ്ടമുള്ള നടൻ ആയിരുന്നു എന്നും അഭിരാമി പറയുന്നു.