മികച്ച കഥാപാത്രങ്ങളെ അവതരപ്പിച്ച് മലയാളത്തിന്റെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. ഇടയ്ക്ക് ചില പ്രശ്നങ്ങളിൽ പെട്ടെങ്കിലും സിനിമയിൽ തന്റെ സ്ഥാനം ഒരു കോട്ടവും കൂടാതെ നിലനിർത്തുകയാണ് ദിലീപ്.
ദിലീപിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ദിലീപും ലാൽ ജോസും സിനിമയിലെത്തിയത് സഹസംവിധായകൻമാരായാണ്. എന്നാൽ ദിലീപ് പിന്നീട് സൂപ്പർ താരവും ലാൽജോസ് സൂപ്പർ സംവിധായകനുമായി മാറുകയായിരുന്നു.
സ്വതന്ത്ര സംവിധായകൻ ആയതിന് ശേഷം നിരവധി ഹിറ്റു ചിത്രങ്ങളാണ് ദിലീപിനെ നായകനാക്കി ലാൽജോസ് ഒരുക്കിയിരുന്നത്. അതേ സമയം ദിലീപിന് തന്റെ കരിയറിന്റെ തുടക്കകാലത്ത് നഷ്ടപ്പെട്ട ഒരു മികച്ച റോളിന്റെ കഥ ലാൽ ജോസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ
മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ദിലീപായി തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ദിലീപ് സഹസംവിധായകനായി ജോലി ചെയ്യുമ്പോൾ തന്നെ ചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ മുഖം കാണിച്ചിരുന്നു.
ജയറാമേട്ടൻ നായകനായ സുദിനത്തിൽ ഞാൻ ആയിരുന്നു നിസാർ ഇക്കയുടെ അസോസിയേറ്റായി വർക്ക് ചെയ്തത്. മാധവി ആയിരുന്നു ചിത്രത്തിലെ നായിക. മാധവിയുടെ സഹോദരന്റെ വേഷത്തിൽ സുധീഷ് ആയിരുന്നു.
പക്ഷെ എന്തോ കാരണം കൊണ്ട് സുധീഷിന് പറഞ്ഞ സമയത്ത് ലൊക്കേഷനിൽ എത്താൻ സാധി ച്ചില്ല. സുദിനത്തിൽ ദിലീപിന് നേരത്തെ ഒരു ചെറിയ വേഷം പറഞ്ഞുവെച്ചിരുന്നു. സുധീഷിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായുള്ള ഒരു കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത്.
സുധീഷ് ഇനി വരില്ലെന്ന് ഉറപ്പിച്ച ഘട്ടത്തിൽ നായികയുടെ സഹോദരന്റെ വേഷം ദിലീപ് ചെയ്യട്ടെ എന്ന് സംവിധായകർ ഉൾപ്പടെ തീരുമാനമെടുത്തു. ചിത്രത്തിൽ സുധീഷ് ചെയ്യാനിരുന്ന മുഖ്യമായ റോൾ ആണ് തനിക്ക് ലഭിച്ചതെന്നറിഞ്ഞു ദിലീപിന്റെ കണ്ണുകൾ നിറഞ്ഞത് ഇന്നും എന്റെ ഓർമ്മയിലുണ്ട്.
എല്ലാ തയ്യാറെടുപ്പോടെയും ദിലീപ് ഷോട്ടിനു റെഡിയായപ്പോൾ അതാ ദൂരെ നിന്നും പൊടി പറത്തികൊണ്ട് ഒരു വെള്ള അംബാസിഡർ കാർ അവിടേക്ക് വന്നു നിന്നു അത് സുധീഷായിരുന്നു, അങ്ങനെ ദിലീപിന് ആദ്യമായി കിട്ടിയ നല്ലൊരു അവസരം അവിടെ ഇല്ലാതായി എന്നും ലാൽ ജോസ് പറഞ്ഞു നിർത്തി.