മലയാളത്തിന്റെ യുവ നായകൻ നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ സിനിമ രംഗത്തേക്ക് ചുവടുവച്ച് ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റ് ആയി മാറിയിരുന്നു.
നിരവധി ആരാധകരുടെ മനം കവരാൻ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു. തുടർന്ന് മലയാളത്തിൽ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതലും സിനിമകൾ താരം ചെയ്യുന്നത് തെലുങ്കിലാണ്.
തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഇന്ന് അനുപമ. അനുപമ പരമേശ്വരനെ സംബന്ധിക്കുന്ന ഗോസിപ്പുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇവയിൽ ചിലതിനു താരം മറുപടി നൽകിയിട്ടുമുണ്ട് മറ്റു ചിലതിനെ കണ്ടില്ല എന്ന് നടിച്ചിട്ടുമുണ്ട്. അടുത്തിടെ താരം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറുന്നത്.
തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അനുപമ പരമേശ്വരൻ മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ താൻ ഇനി സിംഗിൾ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാൽ അത് വൺ സൈഡ് ആണെന്നും നടി വ്യക്തമാക്കി. എന്നാൽ അനുപമക്ക് പ്രണയം തോന്നിയ ആ വ്യക്തി ആരാണെന്ന കാര്യത്തിൽ ചൂടൻ ചർച്ചയാണ് ഇപ്പോൾ ആരാധകർ നടത്തുന്നത്.
അതേ സമയം തനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. സത്യ സന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകർ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്. തനിക്കൊരു സത്യ സന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാൽ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും ആണ് അനുപമ അന്ന് പറഞ്ഞത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം അഗം ജാസ്പിരിറ്റ് ഭൂമറുമായി അനുപമ പ്രണയത്തിൽ ആയിരുന്നു എന്ന ഗോസിപ്പ് ഒരിക്കൽ പ്രചരിച്ചിരുന്നു. ഈ വാർത്ത നടി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അനുപമ തന്നെ കാര്യം തുറന്ന് പറഞ്ഞ സ്ഥിതിക്ക് ആരാണ് കഥാനായകൻ എന്ന് അറിയാനുള്ള ആകാംഷയിലാണ് അനുപമയുടെ ആരാധകർ.
നിഖിൽ സിദ്ധാർത്ഥ് നായകനാവുന്ന കാർത്തികേയ 2 ആണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കാർത്തികേയ 2 ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ്. ഇത് കൂടാതെ നിഖിൽ തന്നെ നായകനാവുന്ന 18 പേജസ് എന്ന ചിത്രത്തിലും നായികയായി എത്തുന്നത് അനുപമയാണ്. ഇത് കൂടാതെ ഈ വർഷം പുറത്തിറങ്ങുന്ന ബട്ടർഫ്ളൈ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപമ പരമേശ്വരനാണ്.