മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ എക്കാലത്തേയും സൂപ്പർഹിറ്റ് സിനിമകളിൽ മുൻനിരയിൽ ഉള്ളതാണ് ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത സ്ഫടികം. അതിശയിപ്പിക്കുന്ന അഭിനയത്തിന് ഒപ്പം കിടിലൻ മാസ്സും ചേർന്ന സൂപ്പർ ചിത്രമായിരുന്നു സ്ഫടികം.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സ്ഫടികത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രം. ഇപ്പോഴിത് മലയാളത്തിലെ ആണത്തമുള്ള നായകൻ ആടു തോമയ്ക്കും സ്ഫടികത്തിനും 26 വയസ്സ് തികഞ്ഞിരിക്കുകയാണ്.
ഈ വേളയിൽ ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയം കണ്ട് പ്രശസ്ത എഴുത്തുകാരി മാധവികുട്ടി പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുകയാണ് ചിത്രത്തിൻ സംവിധായകൻ ഭദ്രൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് മാധവികുട്ടയെക്കുറിച്ചുള്ള ഓർമ്മ ഭദ്രൻ പങ്കുവെച്ചത്.
തനിക്കും ഇതുപോലൊരു തെമ്മാടി ഉണ്ടായിരുന്നുവെങ്കിൽ എന്നായിരുന്നു മാധവികുട്ടി പറഞ്ഞതെന്നും ആ വാക്കുകൾക്ക് ആയിരം അർഥങ്ങൾ ഉണ്ടാകാമെന്നുമാണ് ഭദ്രൻ പറയുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ വേർഷൻ മാധവികുട്ടിക്കൊപ്പം കാണാൻ സാധിച്ചിരുന്നവെങ്കിൽ എന്ന ആഗ്രഹവും ഭദ്രൻ പങ്കുവെയ്ക്കുന്നു.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ:
എഴുത്തിന്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിന്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. ‘ഇതുപോലൊരു തെമ്മാടി ചെറുക്കൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ. ഇതിനു ആയിരം ആയിരം അർത്ഥങ്ങൾ അവർ കണ്ടിരുന്നിരിക്കാം. ഈ ദിവസം ഞാൻ അവരെ കൂടി ഓർമിക്കുകയാണ്.
ഇതിന്റെ ഡിജിറ്റൽ വേർഷൻ അവരോടൊപ്പം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എഴുത്തിന്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിന്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു.
1995ലാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രം ആടുതോമയുടെ ജനനം. മോഹൻലാലിന്റെ തിയറ്റർ ഇളക്കി മറിച്ചുള്ള പ്രകടനം കാരണം തന്നെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ ആടുതോമ മാറാതെ നിൽക്കുകയാണ്. അതിനാൽ തന്നെ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വീണ്ടും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് ഭദ്രൻ. ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകൾ സമ്മാനിച്ചത് രാജേന്ദ്ര ബാബുവായിരുന്നു.
ജെ വില്യംസ്, എസ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻലാലിന് പുറമെ തിലകൻ, ഉർവ്വശി, സ്ഫടികം ജോർജ്, ചിപ്പി, കെപിഎസി ലളിത, നെടുമുടി വേണു, രാജൻപി ദേവ്, സിൽക്ക് സ്മിത എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.
ഡയലോഗുകൾ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു. സിൽക്ക് സ്മിതയും മോഹൻലാലും ഒരുമിച്ചുള്ള ഏഴിമല പൂഞ്ചോല എന്ന ഗാനം ഇന്ന് പ്രേക്ഷകർക്ക് പ്രയപ്പെട്ടതാണ്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. നിലവിൽ ഭദ്രൻ ജൂതൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിന് ശേഷം മോഹൻലാലുമായി ‘യന്ത്രം’ എന്ന ചിത്രം ചെയ്യുന്നതിനെ കുറിച്ചും ഭദ്രൻ വെളുപ്പെത്തിയിരുന്നു.