തമിഴകത്തിന്റെ സൂപ്പർസ്റ്റാർ തല അജിത്തും മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ എകെ 61 ൽ ആയിരുക്കും മോഹൻലാലും അജിത്തും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്.
ഇതിനെ കുറിച്ചുള്ള ചർച്ചകൾക്കായി തല അജിത്ത് മോഹൻലാലിനെ നേരിൾ കണ്ടും എന്നാണ് പുറത്തു വന്നിരിക്കുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയത് വാർത്തയായിരുന്നു. മോഹൻലാലിനോടും അദ്ദേഹത്തിന്റെ ടീം അംഗങ്ങളുമായും അജിത്ത് ഇടപഴകുന്നതും അവർക്കൊപ്പം ചിത്രങ്ങളെടുത്തതും സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു.
തമിഴകത്തെ സൂപ്പർഹിറ്റ് സംവിധായകൻ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുക എന്നാണ് അറിയുന്നത്. തന്റെ 61 മത്തെ ചിത്രമായ ഈ പടത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുക എന്നാണ് സൂചന. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിൽ തത്തുല്യമായ കിടിലൻ വേഷമാണ് മോഹൻലാലിന് ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് അറിയുന്നത്.
എകെ 61 ൽ തബു 22 വർഷത്തിന് ശേഷം അജിത്തിനൊപ്പം വീണ്ടും ഒന്നിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എച്ച് വിനോദിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്ന വലിമൈ ആണ് അജിത്തിന്റെതായി ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം മോഹൻലാൽ ഈ ചിത്രത്തിനായി സമ്മതിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. നിലവിൽ ആറ് പുതിയ ചിത്രങ്ങളാണ് നേരത്തെ കമ്മിറ്റ് ചെയ്തവയിൽ മോഹൻലാലിന് ചെയ്തു തീർക്കാൻ ബാക്കിയുള്ളത്. നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് മോഹൻലാൽ. 2019ൽ പുറത്തിറങ്ങിയ കാപ്പനാണ് മോഹൻലാൽ അവസാനം അഭിനയിച്ച തമിഴ് ചിത്രം. ദളപതി വിജയിക്ക് ഒപ്പം ജില്ല എന്ന ചിത്രത്തിലും മോഹൻലാൽ എത്തിയിരുന്നു.