സിദ്ധീഖ് ലാൽ എന്ന സൂപ്പർഹിറ്റ് സംവിധാന ജോചി പിരിഞ്ഞതിന് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ
മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് തനിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലർ.
സംവിധാന ജോഡി പിരിഞ്ഞെങ്കിലും ലാൽ നിർമ്മാതാവായി ഈ ചിത്രത്തിന് ഒപ്പം ഉണ്ടായിരുന്നു.
ബംബർഹിറ്റ് വിജയമായിരുന്നു ഹിറ്റ്‌ലർ തിയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്. അതേ സമയം ഈ ചിത്രത്തിന്റെ കഥ പറയാനായി മമ്മൂട്ടിയുടെ അടുത്തുപോയ അനുഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ സിദ്ധീഖ് ഇപ്പോൾ.
നാലഞ്ച് തവണ മമ്മൂട്ടിയുടെ അടുത്ത് ചെന്നെങ്കിലും തിരക്കഥ കേൾക്കാൻ മമ്മൂക്ക തയ്യാറായില്ലെന്നും ഷൂട്ടിങ്ങിന്റെ തലേ ദിവസം പോലും തിരക്കഥ വായിക്കാൻ മമ്മൂട്ടി തയ്യാറായിരുന്നില്ലെന്നും പറയുകയാണ് സിദ്ദിഖ്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന മമ്മൂക്കയുടെ എല്ലാ മാനറിസങ്ങളും ഉൾക്കൊള്ളുന്ന കഥാപാത്രം ആയിരിക്കണം മാധവൻകുട്ടി എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ഒപ്പം മറ്റ് ചേട്ടൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെന്നും സംവിധായകൻ സിദ്ദിഖ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിദ്ധീഖിന്റെ വാക്കുകൾ ഇങ്ങനെ:
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കി മമ്മൂട്ടിയെ വായിച്ചു കേൾപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ നാലഞ്ച് തവണയോളം ചെന്നെങ്കിലും തിരക്കഥ കേൾക്കാൻ മമ്മൂക്ക തയ്യാറായില്ല. ഷൂട്ടിങ്ങിന്റെ തലേ ദിവസം പോലും തിരക്കഥ വായിക്കാൻ മമ്മൂട്ടി തയ്യാറായിരുന്നില്ല.
തിരക്കഥ പൂർത്തിയാക്കി ഞാനും ലാലും മദ്രാസിലെ മമ്മൂക്കയുടെ വീട്ടിൽ കഥ പറയാൻ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാൻ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാൽ ഭക്ഷണമൊക്കെ തന്ന് വൈകുന്നേരം വരെ മറ്റ് പലതും സംസാരിക്കും.
കഥ ഇപ്പോൾ പറയേണ്ട, പിന്നെ കേൾക്കാം എന്നാണ് എന്നത്തേയും മറുപടി. ഒടുവിൽ ഷൂട്ടിങ്ങിന്റെ തലേദിവസം ഞങ്ങൾ കഥ പറയാൻ വീണ്ടും മമ്മൂക്കയുടെ അടുത്ത് പോയി. കഥയൊന്ന് കേൾക്ക് എന്ന് ഞങ്ങൾ. അപ്പോൾ മമ്മൂക്ക പറഞ്ഞു ഞാൻ വന്നിരിക്കുന്നത് ഒരു സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിക്കാനാണ്.
എനിക്ക് കഥയൊന്നും കേൾക്കണ്ട. പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിൻ ഹനീഫയും ഉൾപ്പെടെ സിദ്ദീഖ് ലാൽമാരുടെ സ്ഥിരം നടന്മാരെല്ലാം സിനിമയിലുണ്ട്, ഇവർക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന്.
ഞാനവരോടൊക്കെ പറഞ്ഞത് എനിക്ക് അഭിനയിക്കാനറിയുമെന്ന് തെളിയിക്കാൻ സിദ്ദിഖ് ലാലിന്റെ പടം വേണ്ട, ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്നുമാണ്. മമ്മൂക്ക വേണ്ട എന്നു പറഞ്ഞെങ്കിലും അന്ന് ഞങ്ങൾ വിട്ടുപോന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചിട്ടാണ് മടങ്ങിയതെന്നും സിദ്ദിഖ് പറയുന്നു.