നന്ദികെട്ട മലയാള സിനിമാ ലോകമേ, രാമചന്ദ്രബാബുവിന്റെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ: ആഞ്ഞടിച്ച് ആർ. സുകുമാരൻ

73

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ മലയോള സിനിമയിലെ ഒരു നടനോ നടിയോ വന്നുകാണാത്തതിലും അനുശോചനയോഗം നടത്താത്തതിലും താരങ്ങള്‍ക്കു നേരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ ആര്‍.സുകുമാരന്‍. ഛായാഗ്രാഹകന്റെ മൃതദേഹം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മലയാള സിനിമയിലെ ഒരു നടനോ നടിയോ തിരുവനന്തപുരത്തുള്ളവര്‍ പോലും വന്നുകണ്ടില്ല.

ഒരു അനുശോചനയോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികേട് സിനിമാ മണ്ഡലത്തില്‍ മാത്രമേ ഉള്ളെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ദിനപ്പത്രത്തിലെഴുതിയ കുറിപ്പിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. “പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമാലോകത്തുള്ള ബന്ധങ്ങള്‍ വെള്ളിത്തിരയില്‍ തെളിഞ്ഞു മായുന്ന ഡിസംബര്‍ പോലെ നൈമിഷങ്ങളാണെന്ന്.

Advertisements

ആദ്യം വിശ്വസിച്ചില്ല. ഇപ്പോള്‍ പൂര്‍ണമായും ബോദ്ധ്യപ്പെട്ടിരിക്കുന്നു. വേദനയോടെ അനുഭവപ്പെട്ടിരിക്കുന്നു. 125ല്‍പരം സിനിമകള്‍ക്ക് കാമറ ചലിപ്പിച്ച്‌ മലയാള സിനിമയിലെ അഭിനേതാക്കളുടെ രൂപഭാവങ്ങള്‍ ജനങ്ങളുടെ മുമ്ബില്‍ കാഴ്ചവച്ച രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്റെ മൃതദേഹം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മലയാള സിനിമയിലെ ഒരു നടനോ നടിയോ തിരുവനന്തപുരത്തുള്ളവര്‍ പോലും വന്നുകണ്ടില്ല. ഒരു അനുശോചനയോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികേട് സിനിമാ മണ്ഡലത്തില്‍ മാത്രമേ ഉള്ളെന്നും അറിയുന്നു.

കൊമേഴ്സ്യല്‍ പടമെന്നോ അവാര്‍ഡ് പടമെന്നോ വേര്‍തിരിവ് കൂടാതെ എല്ലാത്തരം പടങ്ങള്‍ക്കും ഒരുമയോടെ സഹകരിച്ചു. യുഗപുരുഷന്‍ സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ മാസങ്ങളോളം കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്നൊടൊപ്പം ബാബുസാര്‍ ഉണ്ടായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്ബോഴെല്ലാം അദ്ദേഹം മുന്നിട്ടുനിന്ന് പരിഹരിച്ചു. പോംവഴികള്‍ പറഞ്ഞുതന്നു.

ആര്‍ക്കും കുതികാല്‍ വെട്ടാതെ, സൗമ്യനായി എല്ലാവരോടും സഹകരിച്ച്‌ തന്റെ അറിവ് പകര്‍ന്നു നല്‍കി എല്ലാവരെയും സഹായിച്ച്‌, അന്‍പത് വര്‍ഷത്തോളമായി സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ചിത്രങ്ങള്‍ സമ്മാനിച്ച ആ കലാകാരനോട് കാണിച്ച ക്രൂരതയോര്‍ത്ത് ലജ്ജിക്കുന്നു. ബാബുസാറിന്റെ ആത്മാവ് പൊറുക്കണേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു”.

Advertisement