മലയാളം സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ഇത്.
ഇപ്പോഴിതാ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഡിംസംബർ 2 ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിനെ കൂടാതെ വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.
ആദ്യം ഒടിടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ചിത്രം പ്രദർശനത്തിന് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും തുറന്നു പറയുകയാണ് മോഹൻലാൽ ഇപ്പോൾ.
മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദങ്ങൾ ആണെന്നാണ് മോഹൻലാൽ പറയുന്നത്. സിനിമയുടെ ഒടിടി റിലീസിന് കരാർ ഒപ്പിട്ടിരുന്നില്ലെന്നും മോഹൻലാൽ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാലിന്റെ തുറന്നു പറച്ചിൽ.
തിയേറ്റർ റിലീസിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് നൽകാനിരുന്നത്. തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല. താൻ ബിസിനസുകാരൻ തന്നെയാണ്. 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും. താൻ മ രി ച്ചാലും സിനിമ മുന്നോട്ടുപോകും. തിയ്യേറ്റർ ഉടമകൾ അത് മനസിലാക്കണമെന്നും മോഹൻലാൽ പറയുന്നു.
ഡിസംബർ 2ന് ആണ് ആഗോള റിലീസായി മരക്കാർ തിയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം കേരളത്തിൽ 90 ശതമാനം തിയേറ്ററുകളിലും മരക്കാർ പ്രദർശനത്തിന് എത്തും. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകൾ ചാർട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യർ, അർജുൻ, പ്രഭു, സുനിൽഷെട്ടി, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.