ലാൽജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ രസികൻ എന്ന സിനിയിൽ കൂടി വെള്ളിത്തിരയിലേക്കെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളായി മാറിയ താരമ ണ് സംവൃത സുനിൽ. തന്റെ കരിയറിൽ തിളങ്ങി നിൽക്കവെയായിരുന്നു നടി വിവാഹിതയായതും തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയതും.
ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കിയതോടെ പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.
രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്. അതേ സമയം കഴിഞ്ഞ ദിവസമായിരുന്ന സംവൃതയുടെ പിറന്നാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം സജീവമായിട്ടുണ്ട്. ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ സംവൃത പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, മക്കളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ‘ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു.
ഇവിടെ ആറാം മാസത്തെ സ്‌കാനിംഗിൽ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആൺ കുട്ടിയാണെന്നറിഞ്ഞപ്പോൾ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്‌നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും.
എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്, സംവൃത പറയുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം.