രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്ന് മുതൽ പൂജ്യം വരെ’ മലയാള സിനിമയിലെ ഏറ്റവും മികച്ച കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്. 1986ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് നവോദയ അപ്പച്ചനായിരുന്നു.
സിനിമയുടെ വിപണന സാധ്യത മുന്നിൽ കണ്ടു കൊണ്ട് ചിത്രത്തിലെ ടെലഫോൺ അങ്കിളായി എത്തിയത് മോഹൻലാൽ ആയിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് മാത്രമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്, എന്നാൽ മോഹൻലാൽ സിനിമയിൽ ഉണ്ടെന്ന സസ്പൻസ് നിലനിർത്തി കൊണ്ടായിരുന്നില്ല ‘ഒന്ന് മുതൽ പൂജ്യം വരെ’ സ്റ്റാർട്ട് ചെയ്തത്.
ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി അഭിനയിക്കുന്നുവെന്ന മാർക്കറ്റിംഗ് തന്ത്രം സിനിമയുടെ സാമ്പത്തിക വിജയത്തിനായും, ചിത്രത്തിന് കൂടുതൽ പരസ്യം ലഭിക്കനായും വേണ്ടി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനിംഗിനായി താൻ വരച്ച മോഹൻലാലിന്റെ രൂപം അന്നത്തെ ജിജോ എന്ന സംവിധായകനെ ഞെട്ടിച്ച പരസ്യകലയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഗായത്രി അശോക്.
ഗായത്രി അശോകിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:
സിനിമയിൽ ടെലഫോണിലൂടെ മാത്രം സംസാരിക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ അവസാന നിമിഷത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ഒരു പരസ്യ സംവിധയകാനെന്ന നിലയിൽ എന്റെ മനസ്സിൽ വ്യത്യസ്തമായ ഒരു ആശയമാണ് വന്നത്.
ഒരു മിന്നൽ പിളർന്നു വരുന്നത് മോഹൻലാലിന്റെ രൂപത്തിലേക്ക് മാറ്റി കൊണ്ടായിരുന്നു ഞാൻ ആ ചിത്രത്തിന് വേണ്ടി പോസ്റ്റർ ഡിസൈൻ ചെയ്ത്, അത് കണ്ടു ജിജോ എന്നെ ഒരുപാടു അഭിനന്ദിച്ചു. പക്ഷെ ഒന്ന് മുതൽ പൂജ്യം വരെ എന്ത് കൊണ്ടോ സാമ്പത്തിക വിജയം നേടിയില്ല.
മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമകൾ എടുത്താൽ അതിൽ തീർച്ചയായും ഉണ്ടാകുന്ന ഒരു സിനിമയാണ് ഒന്ന് മുതൽ പൂജ്യം വരെ.
കടപ്പാട്: ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാം -സഫാരി ടിവി